തിരുവല്ല: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ വീണ്ടും കേളികൊട്ടുയർന്നു. നിത്യേന കഥകളി വഴിപാട് നടന്നിരുന്ന ക്ഷേത്രത്തിൽ രണ്ടുഘട്ടമായുള്ള ലോക്ക്ഡൗൺ നിയന്ത്രണളെ തുടർന്നാണ് കളി മുടങ്ങിയത്. ഇതുകാരണം കലാകാരന്മാരും ദുരിതത്തിലായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചതോടെയാണ് കഴിഞ്ഞദിവസം വീണ്ടും കളിവിളക്ക് തെളിഞ്ഞത്. ആദ്യദിനം അരങ്ങിലെത്തിയത് കിരാതവും കുചേലവൃത്തവുമായിരുന്നു. രണ്ടരമാസത്തിനു ശേഷമാണ് വീണ്ടും വഴിപാട് കഥകളിക്കായി കലാകാരന്മാർ മുഖത്ത് ചുട്ടികുത്തിയത്. മംഗല്യസിദ്ധിക്ക് രുഗ്മിണീസ്വയംവരം, പുത്രഭാഗ്യത്തിന് സന്താനഗോപാലം, ഐശ്വര്യലബ്ധിക്ക് കുചേലവൃത്തം, ഉദ്ദിഷ്ടകാര്യസിദ്ധിക്ക് കല്യാണസൗഗന്ധികം എന്നീ വഴിപാട് കഥകളാണ് ശ്രീവല്ലഭക്ഷേത്രത്തിൽ ഏറ്റവുമധികം വേഷമിടുന്നത്. കഥകളിയുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന തിരുവല്ലയ്ക്ക് ഈ കലാരൂപത്തിന്റെ ആരംഭകാലം മുതൽ അഭേദ്യമായ ബന്ധമുണ്ട്. ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കഥകളിയരങ്ങിനും അത്രതന്നെ പഴക്കമുണ്ട്. അത്താഴപൂജ കഴിഞ്ഞാൽ ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന തിരിയാണ് ആട്ടവിളക്കിലേക്ക് പകരുന്നത്.
കലാരൂപം വഴിപാടായി സമർപ്പിക്കുന്ന അപൂർവ ക്ഷേത്രം
കാഴ്ചക്കാർ ആരുമില്ലെങ്കിലും കഥകളി നടക്കും. പ്രത്യേക പീഠത്തിലിരുന്ന് ശ്രീവല്ലഭൻ കഥകളി കണ്ടാസ്വദിക്കുന്നു എന്നാണ് വിശ്വാസം. പുലർച്ചെ പള്ളിയുണർത്താനുള്ള ശംഖുവിളി ഉയരുംവരെ കളി തുടരും. ഒരു കലാരൂപം വഴിപാടായി സമർപ്പിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ശ്രീവല്ലഭക്ഷേത്രം. മാത്രമല്ല കഥകളി നിത്യേന, വഴിപാടായി നടത്തുന്ന ഏകക്ഷേത്രവും ഇതുതന്നെ. കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരും ഇവിടുത്തെ കളിയരങ്ങിൽ വേഷമിട്ടിട്ടുണ്ട്. കുറെക്കാലം മുൻപുവരെ രാമായണം, ഭാഗവതം, മഹാഭാരതം കഥകൾ അണിനിരത്തിക്കൊണ്ടുള്ള കഥകളിയുത്സവങ്ങൾ അരങ്ങേറിയിട്ടുണ്ട്. രാമായണമാസത്തോടനുബന്ധിച്ച് കർക്കടക മാസാന്ത്യത്തിലെ പത്തു ദിവസത്തെ രാമായണ കഥകളിമേളയും പ്രസിദ്ധമാണ്. ശ്രീവല്ലഭവിലാസം കഥകളിയോഗവും വൈഷ്ണവം കഥകളിയോഗവുമാണ് വഴിപാട് നടത്തുന്നതും കഥകളിയിൽ പരിശീലനം നൽകുന്നതും.