തിരുവല്ല: ജില്ലയിൽ വളർത്തിയെടുത്ത റബർതൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചു. അസം, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള ഒന്നരലക്ഷം തൈകളാണ് ആദ്യഘട്ടത്തിൽ കയറ്റിയയച്ചത്. നബാർഡിന്റെയും ഒാട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ റബർബോർഡ് നടപ്പാക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് റബർ പ്ലാന്റേഷൻ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽനിന്ന് റബർ ബോർഡ് തൈകൾ സംഭരിച്ചത്. റബർബോർഡിന്റെയും സ്വകാര്യ മേഖലയിലെയും റബർനഴ്സറികളിൽ നിന്ന് സംഭരിക്കുന്ന അഞ്ചുലക്ഷം കപ്പുതൈകൾ സതേൺ റെയിൽവേയുടെ സഹകരണത്തോടെ മൂന്നു സ്‌പെഷ്യൽ ടെയിനുകളിലാണ് കൊണ്ടുപോകുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതുക്കൃഷിയും ആവർത്തനക്കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ റബറുത്പാദനം കൂട്ടുകയും ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. 2021 മുതൽ അഞ്ചു വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക. ഈവർഷം പതിനായിരം ഹെക്ടർ സ്ഥലത്ത് റബർ കൃഷിയിറക്കും. 50 ലക്ഷത്തോളം തൈകൾ ഇതിനായി കൊണ്ടുപോകും.
ഗുവഹത്തിയിലേക്ക് ഇന്നലെ പുറപ്പെട്ട ആദ്യ സ്‌പെഷ്യൽ ടെയിനിൽ പ്രത്യേകം കാർട്ടണുകളിൽ പായ്ക്ക് ചെയ്താണ് ഭാരതപ്പുഴ -ബ്രഹ്മപുത്ര റബർ എക്സ്പ്രസിൽ തൈകൾ കൊണ്ടുപോയത്. തിരുവല്ല സ്റ്റേഷനിൽ റബർ ബോർഡ് ചെയർമാൻ ഡോ.കെ.എൻ. രാഘവൻ ഫ്ളാഗ് ഓഫ് ചെയ്തു. ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദ്, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ പി.എ.ധനഞ്ജയൻ, അസി.കൊമേഴ്സ്യൽ മാനേജർ റ്റി.പ്രവീൺകുമാർ, ജോ.റബർ പ്രൊഡക്ഷൻ കമ്മിഷണർ ഡി.ശ്രീകുമാർ, ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർമാരായ കെ.ജി.ജോൺസൺ, വി.ഡി.ഹരി, എം. ജോർജ് മാത്യു എന്നിവർ പങ്കെടുത്തു.