തിരുവല്ല: കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാൽ പശുവിന്റെ ജീവൻ നഷ്ടപ്പെട്ടതായി പരാതി. കുറ്റൂർ പഞ്ചായത്തിലെ വെൺപാലയിലുള്ള ക്ഷീര കർഷകൻ കുന്നുകണ്ടത്തിൽ മധുവിന്റെ പശുവാണ് ഇന്നലെ ചത്തത്. രണ്ടു ദിവസമായി പശുവിന്റെ രോഗവിവരം പറഞ്ഞ് തിരുവല്ല, കുറ്റൂർ മൃഗാശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും ഡോക്ടർമാർ എത്തിയില്ലെന്ന് ക്ഷീരകർഷകൻ മധു പരാതിപ്പെട്ടു. 80,000 രൂപ വിലയുള്ള പശുവാണ് ചത്തത്. കൊവിഡിനെ തുടർന്ന് വീടുകളിലെത്തി മൃഗങ്ങളെ പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ലെന്നും ക്ഷീരകർഷകർ പറഞ്ഞു. ഇതുമൂലം ധാരാളം ക്ഷീരകർഷകരാണ് വളർത്തുമൃഗങ്ങൾക്ക് അടിയന്തര ചികിത്സ നൽകാൻ കഴിയാതെ കഷ്ടപ്പെടുന്നതെന്നും അവരെ ദുരിതത്തിൽ നിന്നും കരകയറ്റണമെന്നും പശുവിനെ നഷ്ടപ്പെട്ട കർഷകന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല ആവശ്യപ്പെട്ടു.