റാന്നി : അയിരൂരിന്റെ കലാ സാംസ്കാരിക പാരമ്പര്യം ഉയർത്തി പിൽഗ്രിം ടൂറിസത്തിനുള്ള സാദ്ധ്യത പ്രയോജനപ്പെടുത്തുമെന്ന് അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു. അയിരൂർ പഞ്ചായത്തിലെ വികസന സദസിൽ പങ്കെടുത്ത ശേഷമാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. സാംസ്കാരിക പാരമ്പര്യത്താൽ സമ്പന്നമാണ് അയിരൂർ ഗ്രാമം . കഥകളി ഗ്രാമം ,പുതിയകാവ് ചതയം വള്ളംകളി, ചെറുകോൽപ്പുഴ ഹിന്ദു മഹാമണ്ഡലം കൂടാതെ ലോകപ്രശസ്തി നേടിയ കലാകാരന്മാർ എന്നിവയാൽ സമ്പന്നമാണ് അയിരൂർ. ചെറുകോൽപ്പുഴ മണിയാർ റോഡിൽ ഉൾപ്പെടുത്തിയ റാന്നി-ചെറുകോൽപ്പുഴ റോഡ് ആദ്യ റീച്ചിൽ തന്നെ ഉൾപ്പെടുത്തി ഉടനടി നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പു നൽകി. അയിരൂരിൻറെ ആയുർവേദ പാരമ്പര്യം ടൂറിസത്തിന് മുതൽക്കൂട്ടാകും. പമ്പാനദിയിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുക , ഐ.എച്ച്.ആർ.ഡി കോളേജിലെ വിപുലീകരണം, സ്റ്റേഡിയം നിർമ്മാണം, ജൈവവൈവിദ്ധ്യ ഉദ്യാനം നിർമ്മാണം, വലിയ തോടിന്റെ പുനരുദ്ധാരണം , സർക്കാർ സ്കൂളുകളുടെ കെട്ടിടങ്ങളുടെ നിർമ്മാണം, കാഞ്ഞീറ്റു കര സിയുടെ നവീകരണം , ഗവ ഹോമിയോ ആശുപത്രി കെട്ടിടം, വായനശാലകളുടെ പുനരുദ്ധാരണം, അയിരൂർ കാഞ്ഞീറ്റുകര കുടിവെള്ള പദ്ധതിയുടെ വിപുലീകരണം , കാർഷിക മേഖലയിലെ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വികസന സദസിൽ ചർച്ചയായി . പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി പ്രസാദ്, ഉണ്ണി പ്ലാച്ചേരി ഉൾപ്പെടെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.