chappath-semitheri-road
തോമ്പിക്കണ്ടം രണ്ടാം വാര്‍ഡിലെ ചപ്പാത്ത്-സെമിത്തേരി മൺ റോഡ്

റാന്നി : തോമ്പിക്കണ്ടം രണ്ടാം വാർഡിലെ ചപ്പാത്ത്‌-സെമിത്തേരിറോഡ് സഞ്ചാരയോഗ്യമാക്കണ ആവശ്യം ശക്തമാകുന്നു. വെച്ചൂച്ചിറ,നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണിത്. 15 ഓളം വീടുകൾ സമീപത്തായി ഉണ്ട്. ഇതിൽ വെച്ചൂച്ചിറ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗം സഞ്ചാരയോഗ്യമാണ്. ഈ ഭാഗം കോൺക്രീറ്റു ചെയ്ത് ഗതാഗതത്തിന് സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ നാറാണംമൂഴി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗത്ത് ഇതുവരെ ഒരു നിർമ്മാണവും നടന്നിട്ടില്ല.

ഒരുവശം റബർ ബോർഡുവക സ്ഥലമാണ്. കുത്തനെയുള്ള കയറ്റം ആദ്യ കാലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ പുനരുദ്ധാരണം നടത്തിയതൊഴിച്ചാൽ പിന്നെ ഒന്നും ചെയ്തിട്ടില്ല. മഴക്കാലം എത്തുമ്പോൾ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. പിന്നീട് കാൽനട യാത്ര പോലും സാദ്ധ്യമല്ല. വലിയപതാൽ ക്യൂബചപ്പാത്ത് റോഡിൽ നിന്നും വലിയ ഇറക്കത്തിൽ തുടങ്ങുന്ന റോഡ് നൂറ് മീറ്റർ പിന്നിടുന്നതോടെ വലിയ കയറ്റത്തിലേക്കാണ് എത്തുന്നത്. ലൈഫ് പദ്ധതിയിലടക്കം വീടുകൾ നിർമ്മിക്കുന്നതിനും മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്കും വലിയ ദൂരം തലചുമടായി സാധനങ്ങൾ എത്തിക്കേണ്ടി വരുന്ന ഗതികേടിലാണ് ഇവിടുത്തുകാർ. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി പഞ്ചായത്ത് അധികൃതരുടെ കനിവിൽ റോഡു വരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.