അരുവാപ്പുലം: വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരം വെടിവെച്ചുകൊന്നു. അരുവാപ്പുലം കാമ്പിൽ ഭാഗത്തു കണ്ടകാട്ടുപന്നിയെ അട്ടച്ചാക്കൽ സ്വദേശി തോക്കു ലൈസെൻസി സന്തോഷ് മാമനാണ് വെടിവച്ചു കൊന്നത്. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അരുവാപ്പുലം കാമ്പിൽ മേലേതിൽ നിർമലാകുമാരിയെ തൊഴിലുറപ്പ് പണികൾ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ പഞ്ചായത്തിലെ പത്താം വാർഡിലെ ഭുവനേശ്വരി ഭാഗത്തു വച്ച് കാട്ടുപന്നി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നിർമലാകുമാരി ആശുപത്രിയിൽ ചികിത്സയിലാണ്. പത്തോളം കാട്ടുപന്നികൾ അരുവാപ്പുലം പമ്പ റബർ ഫാക്ടറി പരിസരത്തെ തേക്കുതോട്ടത്തിലെ പൊന്തക്കാടുകളിലുണ്ട്. ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം അരുവാപ്പുലം കല്ലേലി ഭാഗത്ത് വനപാലകർ സംസ്ഥാനത്ത് ആദ്യമായി കൃഷിയിടത്തിൽ നാശം വരുത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നിരുന്നു.