11-aathiramala
ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും ആതിരമല സന്ദർശിക്കുന്നു

പന്തളം : കുരമ്പാല ആതിരമലയിൽ വിനോദസഞ്ചാര കേന്ദ്ര പദ്ധതിയെപ്പറ്റി വിലയിരുത്താൻ അധികൃതർ സന്ദർശനം നടത്തി. ഗ്രാമീണ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി ആതിരമലയിലെ വിനോദസഞ്ചാര സാദ്ധ്യതകൾ സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കുന്നതിനായാണ് വിനോദസഞ്ചാര വകുപ്പ് അധികാരികൾ സ്ഥലം സന്ദർശിച്ചത്. ഇവർ നൽകുന്ന വിശദമായ റിപ്പോർട്ട് പഠിച്ചശേഷം സ്ഥല ലഭ്യതയനുസരിച്ചായിരിക്കും പദ്ധതി രൂപപ്പെടുത്തുന്നത്. ആതിരമലയുടെ ഒളിഞ്ഞു കിടന്ന ഹരിത ഭംഗി അടുത്തകാലത്താണ് ജനശ്രദ്ധയാകർഷിച്ചത്. പന്തളം നഗരസഭയിൽപ്പെട്ട പ്രദേശമാണ് ജില്ലയിലേതന്നെ ഉയർന്ന സ്ഥലങ്ങളിൽ ഒന്നായ കുരമ്പാല ആതിരമല. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതാണ് ഈ മല. ദൂരക്കാഴ്ച ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് ഇത്. സമീപപ്രദേശങ്ങളായ കുരമ്പാല, പന്തളം, തട്ടയിൽ, അടൂർ, കോന്നി, ഇലവുംതിട്ട തുടങ്ങിയ സ്ഥലങ്ങളും പന്തളത്തിന്റെ നെല്ലറയായി വിശേഷിപ്പിക്കുന്ന കരിങ്ങാലി പാടശേഖരവും ഇതിനിടയിലൂടെ ഒഴുകുന്ന വലിയതോടും മലമുകളിൽ നിന്ന് ആസ്വദിക്കാം. ആതിരമലയുടെ വിനോദസഞ്ചാര സാദ്ധ്യതകളെക്കുറിച്ച് പുറം ലോകത്തിന് അറിവു ലഭിക്കാൻ കേരള കൗമുദിയും വാർത്ത പ്രസിദ്ധികരിച്ചിരുന്നു.