പത്തനംതിട്ട : കോന്നിയുടെ ടൂറിസം സാദ്ധ്യതകൾ ചർച്ച ചെയ്യാനും, കോന്നി ടൂറിസത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുമായി ഇന്ന് ഉന്നതതല സംഘത്തിന്റെ സന്ദർശനവും യോഗവും ചേരുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ടൂറിസം രംഗത്തെ വിദഗ്ധരും അനുഭവസമ്പത്തുള്ളവരുമായ പ്രമുഖർ പങ്കാളികളാകും. ബയോഡൈവേഴ്‌സിറ്റി സർക്യൂട്ടിന്റെ ഭാഗമായി കോന്നി മാറുമ്പോൾ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്യും.
കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലും ടൂറിസം സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കുന്നത്. രാവിലെ 9.30ന് കോന്നി വനം വകുപ്പ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ യോഗം ആരംഭിക്കും. വിശ്വസഞ്ചാരിയായിട്ടുള്ള സന്തോഷ് ജോർജ് കുളങ്ങര, ഹോസ്പിറ്റാലിറ്റി, ഇക്കോ ടൂറിസം രംഗത്തെ പ്രമുഖർ, ആർക്കിടെക്ച്ചർ രംഗത്തെ വിദഗ്ധർ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ മാസ്റ്റർ പ്ലാൻ രൂപീകരണത്തിന്റെ ഭാഗമാകും.