കോഴഞ്ചേരി : ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം നടന്നെങ്കിലും പാത കടന്നു പോകുന്ന ഭാഗത്തെ പാലത്തിന് നവീകരണമില്ല. സമീപത്തെ കാട് വളർച്ചയും യാത്രക്കാരുടെ ഭീതി ഇരട്ടിയാക്കുന്നു.
കോയിപ്രം പഞ്ചായത്തിലെ കുമ്പനാട് - ആറാട്ടുപുഴ റോഡിൽ സ്ഥിതി ചെയ്യുന്ന കരിയിലമുക്ക് പാലമാണ് വീതി കൂട്ടിയുള്ള പുനരുദ്ധാരണം കാത്തു കിടക്കുന്നത്. റോഡിന് ഇരുവശം വരെ വീതി വർദ്ധിപ്പിച്ച് ടാറിംഗ് നടത്തിയതോടെ പാലം ഇപ്പോൾ കുപ്പിക്കഴുത്തു പോലെയാണ്. റോഡിനിരുവശങ്ങളിലുമായി ഇപ്പോൾ കാടും വളർന്നതോടെ യാത്രക്കാർ ഇതുവഴി ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വീതി കൂട്ടിയപ്പോൾ റോഡിലായ വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കാത്തത് അപകട ഭീഷണി വർദ്ധിക്കുന്നു. പാലത്തിന് സമീപത്തെ കാടുകൾ ഇപ്പോൾ വഴിയാത്രക്കാർക്ക് മാലിന്യം തള്ളാനുള്ള ഇടമായി മാറിയിട്ടുണ്ട്. രാപകൽ ഭേദമെന്യേ ഇവിടെ മാലിന്യം വാഹനങ്ങളിൽ കൊണ്ടു വന്നിടുന്നത് പതിവാണ്. സമീപത്തെങ്ങും വീടുകളില്ലാത്തതിനാൽ ആളുകൾക്ക് മാലിന്യങ്ങൾ സുരക്ഷിതമായി ഉപേക്ഷിക്കാനുള്ള ഇടമായും ഇവിടം മാറിക്കഴിഞ്ഞു.
പൊതുമരാമത്ത് വിഭാഗത്തിൽ അന്വേഷിക്കുമ്പോൾ പാലം നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന പതിവ് മറുപടിയാണ് ലഭിക്കുന്നതെന്ന് പൗരസമിതി പ്രവർത്തകർ ആരോപിച്ചു.
.....
പാലം വീതി കൂട്ടി പുതുക്കിപ്പണിയുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 1.70 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും.
(ജിജി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം)
- സമീപത്ത് കാടുവളർന്നു, യാത്രക്കാർ ഭീതിയിൽ
-മാലിന്യം തള്ളൽ വ്യാപകം
- വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു