പത്തനംതിട്ട: ഹൈന്ദവ പുരാണേതിഹാസങ്ങളിൽ നിന്നുള്ള അകൽച്ചയും ആചാരാനുഷ്ഠാനങ്ങൾ ശരിയായി മനസിലാക്കാൻ ശ്രമിക്കാത്തതുമാണ് ഹിന്ദു സമാജത്തിന്റെ അപചയത്തിന് കാരണമെന്ന് വാഴൂർ തീർത്ഥപാദാശ്രമാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അഭിപ്രായപ്പെട്ടു. ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിലെ 20ഗ്രൂപ്പുകളിലെ മത പാഠശാലകളിൽ ആരംഭിച്ച ഓൺലൈൻ മതബോധന ക്ലാസിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. പഠന ക്ലാസുകളുടെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ചു ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മതപാഠശാലാ കോർഡിനേറ്റർ വി.കെ.രാജ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കുടമാളൂർ രാധാകൃഷ്ണൻ, മുരളീധരൻ പിള്ള ചെറിയനാട്, വി.ജെ. രാമചന്ദ്രൻ ഉണ്ണിത്താൻ, വിഷ്ണു ചിറക്കടവ്, പ്രസന്നകുമാർ കുറിച്ചി തുടങ്ങിയവർ ക്ലാസെടുത്തു.