പത്തനംതിട്ട : നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ ഉയർത്തിവച്ച ലോഡ് കാരിയർ താഴ്ന്ന് അടിയിൽപ്പെട്ട യുവാവ് മരിച്ചു. ളാക്കൂർ കുളനടക്കുഴി വലിയപടിഞ്ഞാറ്റേതിൽ അജിത്തിന്റെയും (പത്തനംതിട്ട സാരംഗ് ഓർക്കസ്ട്ര തബലിസ്റ്റ്) സുധയുടെയും മകൻ അഖിൽജിത്ത് (28) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന അഖിൽ മഴ പെയ്തപ്പോൾ നനയാതിരിക്കാൻ ലോറിയുടെ അടിയിൽ കയറി നിൽക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ടിപ്പറിന്റെ വശത്തെ ലിവറിൽ കൈതട്ടി കാരിയർ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ എത്തി ലിവർ ഉയർത്തി അഖിലിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ. സഹോദരൻ: അരുൺകുമാർ.