റാന്നി: റാന്നി -പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാത കടന്നു പോകുന്ന റാന്നി ടൗൺ ഭാഗത്തെ ഗതാഗതക്കുരുക്ക് ദുരിതമാകുന്നു. അലക്ഷ്യമായ വാഹനങ്ങളുടെ പാർക്കിംഗാണ് തലവേദനയാകുന്നത്. പാർക്കിംഗ് നിരോധിച്ചിട്ടുള്ള മേഖലകളിലെ വശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. സംസ്ഥാനപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ട്രാഫിക് നിയമങ്ങൾ കർശനമാക്കിയില്ലെങ്കിൽ റാന്നിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. റാന്നി പെരുമ്പുഴ എം.എസ് സ്കൂൾപടി മുതൽ വലിയപറമ്പുപടിവരെ നീളുന്ന ഇരു വശങ്ങളിലെയും വാഹന പാർക്കിംഗ് കുറഞ്ഞത് ഒരു വശം മാത്രമായി നിജപ്പെടുത്തിയെങ്കിൽ മാത്രമേ കുറച്ചെങ്കിലും ഗതാഗതക്കുരുക്കിന് ശമനമാകൂ. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ആളിനെ കൊണ്ടുപോയ ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. സ്വകാര്യ വാഹങ്ങൾ പെരുമ്പുഴ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതുമൂലം സ്വകാര്യ ബസുകൾക്ക് പലപ്പോഴും റോഡിൽ നിറുത്തി ആളുകളുടെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ട സ്ഥിതിയാണ്. അധികൃതർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന പാത പൂർത്തിയായിക്കഴിഞ്ഞാലും റാന്നി ടൗണിലെ ഗതാഗതക്കുരുക്ക് നാട്ടുകാർക്ക് ശാപമായി തന്നെ തുടരും.