അനുവദിച്ചത് രണ്ട് പതിറ്റാണ്ട് മുമ്പ്
പന്തളം: രണ്ടുപതിറ്റാണ്ടിനു മുമ്പ് പന്തളത്തിന് അനുവദിച്ച ഫയർസ്റ്റേഷൻ ഇതുവരെയും തുടങ്ങാൻ കഴിഞ്ഞില്ല. പി.കെ. കുമാരൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാലത്താണ് ഫയർസ്റ്റേഷന് അനുമതി ലഭിച്ചത്. പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കാം എന്നായിരുന്നു വ്യവസ്ഥ. ഇതോടൊപ്പവും അതിനു ശേഷവും അനുവദിച്ച ഫയർ സ്റ്റേഷനുകളെല്ലാം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആറന്മുളയിലെ ഫയർ സ്റ്റേഷനും മന്ത്രിസഭ അനുമതി നൽകി.
2006- 2007 പദ്ധതിയിലുൾപ്പെടുത്തി പൂഴിക്കാട് ചിറമുടിയിലുള്ള പഞ്ചായത്തു വക സ്ഥലത്ത് ഫയർ സ്റ്റേഷന് അടിസ്ഥാന സ്വകര്യങ്ങളൊരുക്കുന്നതിന് 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. വാഹനമിടുന്നതിന് ഷെഡും ഓഫീസ് റൂമും വാട്ടർ ടാങ്കും നിർമ്മിക്കുന്നതിനായിരുന്നു തുക. പണി പകുതിയാക്കി കരാറുകാരൻ ഉപേക്ഷിച്ചു. ഇവിടം കാടുമൂടി കിടക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുളനടയിൽ സ്റ്റേഷൻ തുടങ്ങാൻ അഡ്വ. കെ. ശിവദാസൻ നായർ ശ്രമിച്ചിരുന്നു. പന്തളത്തുതന്നെ തുടങ്ങുമെന്നും സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചിരുന്നു. പന്തളം വലിയ പാലത്തിന് സമീപമുള്ള പി.ഡബ്ല്യു.ഡി പുറമ്പോക്കാണ് എം.എൽ.എ കണ്ടെത്തിയത്. പക്ഷേ ആ സ്ഥലം വിട്ടുനൽകാൻ പി.ഡബ്ല്യു.ഡി തയ്യാറല്ല. ചിറമുടിയിലുള്ള 40 സെന്റ് സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാമെന്ന് കഴിഞ്ഞ നഗരസഭാ ഭരണ സമിതിയും അറിയിച്ചിരുന്നു. ഇവിടം ഫയർഫോഴ്‌സ് ഡിപ്പാർട്ടുമെന്റിന് പാട്ടത്തിന് എഴുതിക്കൊടുക്കുകയും ചെയ്തു. പുതിയ കെട്ടിടം പണിയുന്നതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് നഗരസഭ പൂഴിക്കാട് തോണ്ടുകണ്ടത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലവും കെട്ടിടവും കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ട് 2 വർഷം കഴിത്തിട്ടും തുടർ നടപടി ഉണ്ടായില്ല. തുടർന്ന് ഒരാൾക്ക് കടനടത്തുന്നതിന് കെട്ടിട ഉടമ വിട്ടുനൽകി.
സേന എത്തുന്നത് കിലോമീറ്ററുകൾ താണ്ടി
അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ പന്തളം നഗരസഭ, തുമ്പമൺ, കുളനട, മെഴുവേലി പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് അടൂർ, പത്തനംതിട്ട ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാസേന എത്തുന്നത്. കിലോമീറ്ററുകൾ താണ്ടി അവർ എത്തുമ്പോഴേക്കും പ്രയോജനം ലഭിക്കാറില്ല. കഴിഞ്ഞ കുറെക്കാലങ്ങളായി എല്ലാ വർഷവും ശബരിമല സീസണിൽ പന്തളത്ത് താത്കാലിക ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട് .ഞായറാഴ്ച അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ മുളമ്പുഴ ചൈത്രത്തിൽ സുരേഷ് കുറിനു വേണ്ടി ഇന്നലെയും അടൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും എൻ .ഡി.ആർ.എഫ് സംഘവും തെരച്ചിൽ നടത്തി. ഫയർസ്റ്റേഷൻ തുടങ്ങുന്നതിന് അവശ്യമായ നടപടി സ്വീകരിക്കാൻ വകുപ്പ് അധികൃതരുമായി പാർട്ടി ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടിട്ടുണ്ടന്ന് സി.പി.എം പന്തളം ഏരിയാ കമ്മിറ്റി ആക്ടിങ് സെക്രട്ടറി പി.ബി ഹർഷകുമാർ പറഞ്ഞു.
----------