പത്തനംതിട്ട : ജില്ലയിലും ഗർഭിണികൾക്കുളള കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സമൂഹികാരോഗ്യ കേന്ദ്രങ്ങളും അടക്കമുളള എല്ലാ വാക്‌സിനേഷൻ സെന്ററുകളിലും വാക്‌സിൻ ലഭ്യമാകും. ഇതിനായി ആശാപ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ എന്നിവർ തയ്യാറാക്കിയിട്ടുളള ലിസ്റ്റ് അനുസരിച്ച് മുൻഗണനാ ക്രമത്തിൽ അറിയിപ്പ് നൽകും. വാക്‌സിൻ എടുക്കുന്നതിന് മുന്നോടിയായി ഗർഭിണികൾ സമ്മതപത്രം ഒപ്പിട്ട് നൽകണം.
കൊവിഡ് പോസിറ്റീവായിട്ടുളള ഗർഭിണികൾ പ്രസവശേഷം വാക്‌സിൻ എടുത്താൽ മതിയാകും. ഗർഭിണികളിൽ രോഗബാധയ്ക്കുളള സാദ്ധ്യത കൂടുതലായതിനാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി തിക്കും തിരക്കും ഉണ്ടാക്കാൻ പാടില്ല. ഡബിൾ മാസ്‌ക് ഉപയോഗിക്കുന്നതിനും കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനും ശ്രദ്ധിക്കണം.