13-pdm-muni-council
പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങി നഗരസഭാ ഓഫിസിന് മുൻപിൽ മുദ്രാവാക്യം വിളിച്ച് സമരം നടത്തുന്നു

പന്തളം: പന്തളം നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിറുത്തിവച്ചു. നഗരസഭാ ചെയർപേഴ്‌സൺ വ്യക്തിവൈരാഗ്യം തീർക്കാൻ ഉദ്യോഗസ്ഥർക്ക് അടിക്കടി സെക്ഷനുകൾ മാറ്റിക്കൊടുത്ത് പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുത്തിരുന്നു. അത് അനുവദിക്കാതെ ചെയർപേഴ്‌സൺ മറ്റ് അജണ്ടകളിലേക്ക് നീങ്ങി. ഉദ്യോഗസ്ഥരോട് വിദ്വേഷത്തോടെ പെരുമാറുന്നെന്നും ഉദ്യോഗസ്ഥരുടെ വിന്യാസം സെക്രട്ടറിയുടെ ചുമതലയാണെന്നും, ചെയർപേഴ്‌സൺ അധാകാരദുർവിനിയോഗം നടത്തുകയാണെന്നും ആരോപിച്ച്. പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി. തുടർന്ന് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ നടത്തി. ലസിതാ നായർ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ ധാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയുമാണ് കൗൺസിലംഗ ങ്ങളോടും ഉദ്യോഗസ്ഥരോടും പെരുമാറുന്നതെന്ന് അവർ പറഞ്ഞു. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ആർ വിജയകുമാർ , കെ. ആർ. രവി, പന്തളം മഹേഷ്, ശോഭനകുമാരി, എസ്. അരുൺ, സുനിതാ വേണു, അജിതകുമാരി, അംബിക രാജേഷ്, രത്‌നമണി സുരേന്ദ്രൻ, സക്കീർ, ഷെഫിൻ തുടങ്ങിയവർ പ്രസംഗിച്ചു.