തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉപദേവന്മാരായ ഗണപതിയുടെയും ശിവന്റെയും ശാസ്താവിന്റെയും പുനഃപ്രതിഷ്ഠ 15ന് നടക്കും. വിഗ്രഹപ്രതിഷ്ഠയ്ക്കുള്ള പീഠങ്ങൾ ഇന്ന് രാവിലെ 9ന് ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽനിന്നും ആചാരപരമായ ചടങ്ങുകളോടെ ശ്രീവല്ലഭക്ഷേത്രത്തിൽ എത്തിക്കും. വൈകിട്ട് 5ന് ഗണപതിനടയിലും ശാസ്താനടയിലും ഗണപതിപൂജ, വാസ്തുകലശപൂജ, വാസ്തുഹോമം എന്നിവ നടക്കും. നാളെ രാവിലെ 5.30ന് ഗണപതിനടയിലും ശാസ്താനടയിലും വിശേഷാൽ പൂജകലശാഭിഷേകം. വൈകിട്ട് 5ന് ഗണപതിനടയിൽ ബിംബശുദ്ധി, കലശാഭിഷേകം, അധിവാസപൂജ എന്നിവയും നടക്കും. 15ന് രാവിലെ 5.30ന് പ്രത്യേക പൂജകൾ ആരംഭിക്കും. കലശാലങ്കാര പ്രദക്ഷിണശേഷം 8.30ന് ഉത്രം നക്ഷത്രത്തിൽ പ്രതിഷ്ഠ നടക്കും. 10.15ന് തീർത്ഥക്കുളത്തിനോടുചേർന്നുള്ള ജലവന്തിമാളികയുടെ നവീകരണോദ്ഘാടനം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസു നിർവഹിക്കും. ക്ഷേത്രംതന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരി, ദേവസ്വംബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി.ബൈജു, ശബരിമല എക്സി.ഓഫീസർ വി.കൃഷ്ണകുമാർ വാര്യർ, എക്സി.എൻജിനീയർ ഉപ്പിലിയപ്പൻ, അസി.കമ്മിഷണർ കെ.ആർ ശ്രീലത, തിരുവാഭരണം കമ്മിഷണർ ഓഫീസ് സൂപ്രണ്ട് കെ.എസ് ഗോപിനാഥൻപിള്ള, ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള, നഗരസഭാംഗങ്ങളായ ഗംഗാ രാധാകൃഷ്ണൻ, മിനി പ്രസാദ്, ദേവസ്വം അസി.എൻജിനിയർ ജി.സന്തോഷ്, സബ്ഗ്രൂപ്പ് ഓഫീസർ മനു ഉണ്ണിക്കൃഷ്ണൻ, സ്ഥപതി നന്ദകുമാരവർമ എന്നിവർ പങ്കെടുക്കും. ക്ഷേത്രത്തിൽ ദേവഹരിതം പദ്ധതിയുടെ ആറാംഘട്ടമായി തുളസി, മുല്ല, പനിനീർച്ചെടികൾ നട്ടുവളർത്തുന്ന ചെടിച്ചട്ടികൾ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു തോട്ടത്തിൽ സ്ഥാപിച്ച് ഉദ്ഘാടനം നിർവഹിക്കും. ബോർഡിന്റെ അനുമതിപ്രകാരം ശ്രീവല്ലഭക്ഷേത്രം അഡ്ഹോക് കമ്മിറ്റിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് കൺവീനർ ആർ.പി.ശ്രീകുമാർ, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട് എന്നിവർ അറിയിച്ചു.