ചെങ്ങന്നൂർ: നിയുക്ത ഗോവ ഗവർണ്ണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള അമ്മയുടെ അനുഗ്രഹങ്ങൾക്കായി ഇന്നലെ രാവിലെ 8ന് വെണ്മണിയിലെ കുടുംബ വീട്ടിൽ എത്തി. പൊലിസ് ഗാർഡ് ഒഫ് ഓണർ നൽകി സ്വീകരിച്ചു. വീട്ടിലെത്തിയ അദ്ദേഹം മാതാവ് ഭവാനിയമ്മയുടെ പാദം തൊട്ടുവന്ദിച്ച് അനുഗ്രഹം വാങ്ങി. സഹോദരന്മാരായ പി.എസ്. ബാലകൃഷ്ണൻ നായരും പി.എസ്.രാമചന്ദ്രൻ നായരും സഹോദരി സുശീലയും ഇവരുടെ മക്കളും ചെറുമക്കളും വീട്ടിൽ സന്നിഹിതരായിരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ദേശീയബോധമുള്ളവരുടെ നാട്

മിസ്സോറാമിലെ ജനങ്ങൾ ദേശിയബോധമുള്ളവരായി മാറിയെന്ന് നിയുക്ത ഗോവ ഗവർണ്ണർ അഡ്വ. പി. എസ് ശ്രീധരൻ പിള്ള പറഞ്ഞു. മിസ്സോറാമിൽ ജനങ്ങളുമായി അടുത്തിടപെടുന്ന ഗവർണ്ണറാകാനാണ് താൻ ശ്രമിച്ചത്. ഒരു കാലത്ത് ചൈനയുടെയും പാകിസ്ഥാന്റെയും സ്വാധീന മേഖലയായിരുന്നു. ചരിത്രപരമായ കാരണങ്ങളാൽ വളരെ പ്രാധാന്യമുള്ള പ്രദേശമാണ് മിസ്സോറാം. ത്യാഗ മനോഭാവവും പോരാട്ട വീര്യവും ഉള്ളവരാണ് അവർ. വിദ്യാഭ്യാസ രംഗത്ത് കേരളത്തോടൊപ്പം പുരോഗതി നേടിയ ജനതയാണ്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ പല പദ്ധതികളും ജനങ്ങളിൽ ദേശീയ ബോധം വളരാൻ ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സോറം തങ്ക കേന്ദ്രഭരണത്തിന് പൂർണ്ണ പിൻതുണയാണ് നൽകുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.