മലയാലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷവും സ്കൂളുകൾ തുറക്കാതായതോടെ സ്കൂൾ ബസുകളും ജീവനക്കാരും അതിജീവനത്തിനായി കേഴുകയാണ്.
വരുമാനം ഇല്ലാത്തതോടെ ബസുകളുടെ സംരക്ഷണം സ്കൂൾ അധികൃതർക്ക് വലിയ ബാധ്യതയായി.
കഴിഞ്ഞ മാർച്ച് എട്ടിന് ജില്ലയിൽ കൊവിഡ് സ്ഥീകരിച്ചതിന് പിന്നാലെ ഷെഡിൽ കയറിയതാണ് ഈ വാഹനങ്ങൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ ഏതാനും ബസുകൾ മാത്രമാണ് പരീക്ഷയ്ക്കായി ഏതാനും ദിവസം നിരത്തിലിറങ്ങിയത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ വാഹന സൗകര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ബസുകൾ ഓടാതെ കിടക്കുന്നതിനാൽ ബാറ്ററി, ടയറുകൾ എന്നിവ നശിച്ചു. പല ബസുകളും വെയിലും മഴയുമേറ്റു നശിക്കുകയാണ്. സ്കൂൾ പരിസരങ്ങളിൽ ബസുകൾ സൂക്ഷിക്കാൻ വലിയ ഷെഡുകളില്ലാത്തതാണ് കാരണം. വാഹനങ്ങളുടെ ഇൻഷുറൻസും മറ്റും കൃത്യമായി അടയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പല സ്കൂൾ മാനേജുമെന്റുകളും. ചില ബസ്ജീവനക്കാർ മറ്റു തൊഴിലുകൾ തേടി. അൺ എയ്ഡഡ് സ്കൂളുകളിൽ സ്വന്തമായി വാഹനങ്ങളുണ്ട് . സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പി.ടി.എയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തിലൂടെയും എം.എൽ.എ, എം.പി ഫണ്ടുകളിലൂടെയുമാണ് ബസുകൾ വാങ്ങിയിട്ടുള്ളത്. അൺ എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റും എയ്ഡഡ് സ്കൂളുകളിൽ പി.ടി.എയുമാണ് ജീവനക്കാർക്ക് വേതനം നൽകിയിരുന്നത്. വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയതോടെ യാത്രാഫീസ് ഇല്ലാതെയായി. കുറഞ്ഞ വേതനത്തിന് ജോലിചെയ്തിരുന്ന ഒരു വിഭാഗമാണ് സ്കൂൾ ബസ് ജീവനക്കാർ. ഭൂരിഭാഗവും അസംഘടിതരുമാണ്.
ജില്ലയിൽലെ ആകെ സ്കൂൾ ബസുകൾ : 724
വിവിധ ആർ.ടി ഒാഫീസിൽ രജിസ്റ്റർ ചെയ്ത ബസുകളുടെ എണ്ണം
പത്തനംതിട്ട : 154
മല്ലപ്പള്ളി : 120 , റാന്നി :110 , അടൂർ : 125, തിരുവല്ല: 138 , കോന്നി : 77