കടമ്പനാട് : ടി.പി.ആർ നിരക്ക് കുറഞ്ഞതിനെ തുടർന്ന് കടമ്പനാട്ട് ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചേക്കും. ടി.പി.ആർ നിരക്ക് 15.7 ആയതിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഇന്നലത്തെ പരിശോധനയിൽ 7.5. ആയി കുറഞ്ഞിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതിയും ഹെൽത്ത് ഇൻസ്പെക്ടറുമായി ഉണ്ടായ തർക്കം ഒടുവിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ സസ്‌പെൻഷനിലാണ് അവസാനിച്ചത്. സസ്‌പെൻഷനെതിരെ ആരോഗ്യ വകുപ്പ് ജീവനക്കാർ ഭരണ സമിതിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ആരോഗ്യ പ്രവർത്തകരുമായുള്ള തർക്കം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതാണ് ടി.പി.ആർ നിരക്ക് കുത്തനെ കൂടുന്നതിന് കാരണമായതെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാൻ കടമ്പനാട് കെ.ആർ കെ.പി.എം സ്ക്കൂളിൽ ആന്റിജൻ ടെസ്റ്റ് നടത്തി. എന്നാൽ ടെസ്റ്റിന് ആളുകൾ ഒരു നിയന്ത്രണവുമില്ലാതെ എത്തിയതും ആക്ഷേപങ്ങൾക്ക് വഴി തെളിച്ചു. ഏതായാലും കഴിഞ്ഞ ഒരാഴ്ചയായി ടി.വി. ആർ നിരക്ക് കുറഞ്ഞതിൽ പഞ്ചായത്ത് ഭരണ സമിതിക്ക് ആശ്വസിക്കാം.