കടമ്പനാട് : കടമ്പനാട് പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടറെ പഞ്ചായത്ത് ഭരണ സമിതി സസ്‌പെൻഡ് ചെയ്ത നടപടിയിൽ വകുപ്പുതല തീരുമാനംനീളുന്നു. വാക്സിനേഷൻ നടപടികൾ അട്ടിമറിക്കുന്നു , പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തു എന്നിവ ഉന്നയിച്ച് ജൂൺ പത്തിനാണ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴിവേലിക്കെതിരെ കേസ് നൽകിയതും തുടർന്ന് സസ്പെൻഡ് ചെയ്തതും. ഹെൽത്ത് സെന്ററിലെത്തി തന്റെ ജോലി തടസ്സപ്പെടുത്തി കൈയേറ്റംചെയ്യാൻ ശ്രമിച്ചു എന്നുകാട്ടി 6-ാം വാർഡ് മെമ്പർ ലിന്റോ യോഹന്നാനെതിരെ സുരേഷ് കുഴിവേലി പൊലിസിലും ഡി.എം. ഒ ക്കും പരാതി നൽകിയിരുന്നു. ഇതിനുശേഷമാണ് സുരേഷിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് പരാതിനൽകിയതും സസ്പെൻഡ് ചെയ്തതും. പഞ്ചായത്ത് പ്രസിഡന്റ് ക്രമവിരുദ്ധമായി വാക്സിൻ സ്വീകരിച്ചത് സംബന്ധിച്ച പരാതിക്ക് പിന്നിൽ താനാണെന്ന സംശയമാണ് സസ്പെൻഷന് പിന്നിലെന്ന് സുരേഷ് കുഴിവേലി പറയുന്നു. സസ്പെൻഡ് ചെയ്തുകൊണ്ടുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഡിപ്പാർട്ട്മെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം, ഇല്ലാത്ത അധികാരം പ്രയോഗിക്കലാണെന്ന് ചൂണ്ടികാട്ടി ഹെൽത്ത് ഇൻസ്പെക്ടർ ട്രൈബ്യൂണലിൽ നൽകിയ കേസിൽ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ ഡിപ്പാർട്ട്മെന്റ് തീരുമാനമെടുക്കണമെന്ന് ജൂലായ് ഒന്നിന് വിധിച്ചിരുന്നു. പക്ഷേ ഇതുവരെ നടപടിയുണ്ടായില്ല. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റുകൂടിയായ ഹെൽത്ത് ഇൻസ്പെക്ടറോട് സി.പി.എം.നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ആരോ പിച്ച് കോൺഗ്രസ് പഞ്ചായത്ത് പടിക്കൽ സമരം നടത്തിയിരുന്നു. . വിധിയെ തുടർന്നാണ് സമരം തത്കാലത്തേക്ക് അവസാനിപ്പിച്ചത്. പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഇല്ലാത്തത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.