കോഴഞ്ചേരി : അയിരൂർ, എഴുമറ്റൂർ പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. ഇന്നലെ രാവിലെ 8.30 നാണ് മൂന്ന് മിനിട്ട് മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റ് വീശിയടിച്ചത്. വൻമരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു നിലംപൊത്തി. അയിരൂർ, എഴുമറ്റൂർ പഞ്ചായത്തുകളിലായി ഏകദേശം 225 വീടുകൾ ഭാഗികമായും 7 വീടുകൾ പൂർണ്ണമായും തകർന്നു. അയിരൂർ പഞ്ചായത്തിലെ തടിയൂർ, കടയാർ, പുത്തൻ ശബരിമല, എഴുമറ്റൂർ പഞ്ചായത്തിലെ തെളളിയൂർ, കൊട്ടിയമ്പലം എന്നീ പ്രദേശങ്ങളും ഉൾപ്പെടെ 10 കിലോമീറ്റർ ചുറ്റളവിലാണ് കാറ്റ് വീശിയടിച്ചത്.നൂറിലധികം വൈദ്യുതി തൂണുകളും ഒടിഞ്ഞു വീണു.
എഴുമറ്റൂർ പഞ്ചായത്തിൽ തെള്ളിയൂർ മേഖലയിലാണ് ഏറെ നാശം ഉണ്ടായത്. ഇവിടെ നിരവധി വീടുകളും തപാൽ ഓഫീസും തകർന്നു . കാറ്റ് നാശം വിതച്ച മേഖലകളിൽ വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കും . മൊബൈൽ നെറ്റ് വർക്കും തടസപ്പെട്ടിരിക്കുകയാണ്. കാർഷിക മേഖലയിലും ലക്ഷങ്ങളുടെ നാശം ആണുള്ളത്. നൂറു കണക്കിന് റബർ മരങ്ങൾ ഒടിഞ്ഞ് വീണു.സിവിൽ സപ്ളൈയിസ് കോർപറേഷന്റെ ഗോഡൗൺ ആയി പ്രവർത്തിക്കുന്ന അയിരൂരിലെ എൻ.എസ്.എസ് ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയും ചുഴലിക്കാറ്റിൽ തകർന്നു.പ്രമോദ് നാരായൺ എം.എൽ.എ നാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു.
കാരണമായത് മേഘ വിസ്ഫോടനം
കോഴഞ്ചേരി : വ്യാപക നാശനഷ്ടം വരുത്തിയ കാറ്റിനും മഴയ്ക്കും കാരണമായത് പെട്ടെന്നുണ്ടായ മേഘ വിസ്ഫോടനമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സാന്ദ്രത കൂടിയ മിന്നൽ മേഘങ്ങൾ രൂപമെടുത്തതിൽ നിന്നാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. മഴക്കാലത്ത് സാധാരണയായി ഇത്തരം മേഘങ്ങളുടെ ആവരണവും സ്ഫോടനവും ഉണ്ടാകുന്നതല്ല. നാട്ടിലെ ഉപറോഡുകളിലും പ്രധാന റോഡുകളിലും മരങ്ങൾ വീണുകിടക്കുന്നത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ നീക്കിത്തുടങ്ങി.
സിവിൽ സപ്ളൈസ് ഗോഡൗണിന്റെ മേൽക്കൂര തകർന്നു
കോഴഞ്ചേരി : ശക്തമായ കാറ്റിൽ തടിയൂർ കടയാറിലുള്ള സിവിൽ സപ്ളൈസ് ഗോഡൗൺ കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരം വീണ് ഷീറ്റ് തകർന്നു. കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന അരി, ഗോതമ്പ് ഉൾപ്പെടെ മഴ വെള്ളത്തിൽ കുതിർന്നു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. സാധനങ്ങൾ ഇന്നലെ വൈകിയും ഇവിടെ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു, അംഗങ്ങളായ ഉണ്ണി പ്ലാച്ചേരി, വി. പ്രസാദ്, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാക്കുറുപ്പ് , അംഗങ്ങളായ ശ്രീജാ വിമൽ, ബി.ജയശ്രീ, റാന്നി, മല്ലപ്പള്ളി തഹസിൽദാർമാർ ,റവന്യു ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.
പ്രകൃതിക്ഷോഭം മൂലം തടിയൂർ, തെള്ളിയൂർ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കണം. അപ്രതീക്ഷിതമായി ഉണ്ടായ കൊടുങ്കാറ്റ് സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നുകൂടി അഗ്നിരക്ഷാസേനയുടെ കൂടുതൽ യൂണിറ്റുകളുടെ സേവനം ഉറപ്പാക്കും.
അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ