സീനിയോറിറ്റി പരിഗണിച്ചില്ലെങ്കിൽ

പാർട്ടി വിടുമെന്ന് മുതിർന്ന നേതാവ്

പത്തനംതിട്ട: ഡി.സി.സി പുന:സംഘടനയ്ക്കായി കാത്തിരിക്കുന്ന ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പിരിമുറക്കമേറുന്നു. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് അപേക്ഷകൾ അയച്ച് കാത്തിരിക്കുന്നത് വിലയ നിരയാണ്. കെ.പി.സി.സി നേതാക്കളെ നേരിൽ കണ്ട് അപേക്ഷ നൽകിയവരാണ് ഏറെയും. പലരും പാർട്ടിയിലെ പരിചയവും പാരമ്പര്യവും എടുത്തുകാട്ടിയാണ് അപേക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാലം ചെയ്ത മലങ്കര ഒാർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ കാതോലിക്ക ബാവയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പരുമലയിലെത്തിയ മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും കാണാൻ ജില്ലയിലെ നേതാക്കളുടെ വൻ നിരയുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുമ്പോൾ പരിചയവും സീനിയോറിറ്റിയും പരിഗണിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയാണ് ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് പ്രതീക്ഷ നൽകുന്നത്.

നിലവിലെ വൈസ് പ്രസിഡന്റുമാരായ എ. സുരേഷ് കുമാർ, അനിൽ തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം തുടങ്ങിയവർ പാർട്ടി പാരമ്പര്യവും കെ.എസ്.യു കാലം മുതൽ വഹിച്ച ചുമതലകളും ചൂണ്ടിക്കാട്ടി അപേക്ഷ നൽകിയ നേതാക്കളിൽ ഉൾപ്പെടുന്നു. കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് ബയോഡേറ്റ നൽകിയതെന്ന് ചില നേതാക്കൾ പറയുന്നു.

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പൊതുസമ്മതനായി ഉയർന്നു കേൾക്കുന്ന പേര് എ ഗ്രൂപ്പുകാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റേതാണ്. എെ വിഭാഗം നേതാക്കൾക്കും വലിയ എതിർപ്പില്ല.

കളം നോക്കി കളിക്കാൻ എെ

എ ഗ്രൂപ്പിൽ നിന്ന് പ്രസിഡന്റിനെ കണ്ടെത്താൻ കഴിയാതെ വന്നാൽ എെയിലെ പഴകുളം മധുവിന് സാദ്ധ്യത തെളിയും. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ അദ്ദേഹത്തിന് പുന:സംഘടനയിൽ സ്ഥാനം ഒഴിയേണ്ടി വന്നാൽ ഡി.സി.സി പ്രസിഡന്റായി പരിഗണിച്ചേക്കും. ചാനൽ ചർച്ചകളിലെ സാന്നിദ്ധ്യവും സജീവനേതാവ് എന്ന പരിഗണനയും പഴകുളം മധുവിന് അനുകൂലമാണ്. പാർട്ടി പറയുന്ന ഏതു സ്ഥാനവും വഹിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, പാർട്ടി പാരമ്പര്യവും സീനിയോറിറ്റിയും പരിഗണിക്കാതെ ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചാൽ പാർട്ടി വിടുമെന്ന് മുൻപ് ജന പ്രതിനിധിയായിരുന്ന കോന്നി മണ്ഡലത്തിലെ മുതിർന്ന ഡി.സി.സി ഭാരവാഹി കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. ഡി.സി.സി പ്രസഡന്റ് സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കെ.പി.സി.സി നേതാക്കളെ കണ്ടു.