court
അടൂർ കോടതിക്കായി ഉയരുന്ന ബഹുനിലമന്ദിരം

അടൂർ : ലോക്ക് ഡൗണിലെ പ്രതിസന്ധികളില്ലാതെ അടൂർ കോടതി സമുച്ചയ നിർമ്മാണം പുരോഗമിക്കുന്നു. . ആറ് നിലയുള്ള കെട്ടിടത്തിന്റെ നാല് നിലകളാണ് ആദ്യഘട്ടമായി പൂർത്തീകരിക്കുക. മൂന്ന് നിലകളുടെ കോൺക്രീറ്റിംഗ് കഴിഞ്ഞു. നാലാം നിലയുടെ കോൺക്രീറ്റിംഗ് രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും. ഇതിനുമുകളിൽ രണ്ടുനിലകൾ കൂടി നിർമ്മിക്കുന്നതിനുള്ള പൈൽ ഫൗണ്ടേഷനിലാണ് കെട്ടിടം നിർമ്മിക്കുന്നത്. അടൂർ, കൊല്ലം ജില്ലയിലായിരുന്നപ്പോൾ അന്നത്തെ ജില്ലാ മുൻസിഫ് കോടതി പ്രവർത്തിച്ച പരമ്പരാഗത നിർമ്മാണ ശൈലിയിയുള്ള കെട്ടിടം അതേപ്രൗഢിയോടെ നിലനിറുത്തിയാണ് പുതിയ സമുച്ചയം നിർമ്മിക്കുന്നത്. മജിസ്ട്രേറ്റ് കോടതി പ്രവർത്തിച്ച കെട്ടിടം പൊളിച്ചുമാറ്റിയാണ് നിർമ്മാണം. അവിടെനിന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് സോഷ്യൽ ഫോറസ്റ്ററി വകുപ്പ് ടെൻഡർ ചെയ്യുന്നതിലുണ്ടായ ഒന്നരമാസത്തെ കാലതാമസമേ കെട്ടിട നിർമ്മാണത്തിലുണ്ടായുള്ളു.137 പൈലുകൾ സ്ഥാപിക്കേണ്ടതായിരുന്നു പ്രധാന ജോലി. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ . പൈലിംഗ് ജോലികൾ പൂർത്തീകരിക്കുന്നതിന് മാത്രം ആറ് മാസത്തിലേറെയെടുത്തു. ഇവിടേക്ക് മാറുന്നതോടെ അടൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്, മുൻസിഫ് കോടതികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നതിനൊപ്പം കുടുംബ കോടതിയുൾപ്പെടെയുള്ളവയും സജ്ജമാകും.

-------------------

നിർമ്മാണ ചെലവ് : 9.82 കോടി.

വിസ്തീർണം : 1909 ചതുരശ്രമീറ്റർ

ഒന്നാം നില : ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി

രണ്ടാം നില : മുൻസിഫ് കോടതി

മൂന്നാം നില : കുടുംബ കോടതി