കോന്നി: പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായി കോന്നിയെ മാറ്റിത്തീർക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. കോന്നിയിലെ 11 പഞ്ചായത്തും നിരവധി ടൂറിസം സാധ്യതാ പ്രദേശങ്ങളാൽ സമ്പന്നമാണ്.
കോന്നിയും ഗവിയും രണ്ട് പ്രധാന മേഖലകളാക്കി തിരിച്ച് ടൂറിസം വികസനം സാദ്ധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഏനാദിമംഗലം അഞ്ചുമലപാറ, കലഞ്ഞൂരിൽ രാക്ഷസൻ പാറ, പ്രമാടത്തെ നെടുംപാറ, അരുവാപ്പുലത്ത് കാട്ടാത്തിപ്പാറ എന്നീ മലകൾ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പിലാക്കും. അടവിയിൽ കൂടുതൽ ട്രീടോപ്പ് ഹട്ടുകൾ ഉന്നത നിലവാരത്തിൽ നിർമ്മിക്കും. മണ്ണീറ വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയവ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കും.
വനത്തിനുള്ളിലെ ആരാധനാ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസവും നടപ്പിലാക്കാൻ കഴിയും.
ഗവി കേന്ദ്രമാക്കി ചിറ്റാർ, സീതത്തോട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കാൻ കഴിയും. കാരിക്കയം, കക്കി ഡാമുകളിൽ ബോട്ടിംഗ്, സീതത്തോട് കക്കാട്ടാറിൽ കയാക്കിംഗ് തുടങ്ങിയവ ആരംഭിക്കാൻ കഴിയും. കോന്നി ഫിഷിന്റെ ഭാഗമായി കക്കി ഡാമിൽ ആരംഭിക്കുന്ന കൂട് മത്സ്യകൃഷിയും ടൂറിസവുമായി ബന്ധിപ്പിക്കാൻ കഴിയും.
ഫാക്ടറികൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ അന്തരീക്ഷ മലിനീകരണം കോന്നിയിൽ വളരെ കുറവാണ്.
മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിദഗ്ദ്ധ സംഘം എത്തി
കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റാനും ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസം രംഗത്തെ വിദഗ്ദ്ധർ പങ്കെടുത്ത് കോന്നിയിൽ യോഗം ചേർന്നു. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും, ടൂറിസം വികസന സാദ്ധ്യതാ പ്രദേശങ്ങളും സന്ദർശിച്ചു.
കോന്നിയിൽ നിന്നും ആരംഭിച്ച സംഘത്തിന്റെ സന്ദർശനം ഗവിയിലാണ് അവസാനിച്ചത്.
കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേർക്ക് പ്രത്യക്ഷത്തിലും മൂവായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ടൂറിസവും അനുബന്ധ മേഖലയും കോന്നിയുടെ പ്രധാന വരുമാന മാർഗ്ഗമായി മാറ്റാൻ കഴിയും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ