കോന്നി : പ്രമാടം ഗ്രാമത്തിന്റെ ഉറക്കംകെടുത്തി പന്നിയും പട്ടിയും കുറുക്കനും . കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ വളർത്തുമൃഗങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് തെരുവുനായ്ക്കളെ കൂടാതെ കുറുക്കനും. കഴിഞ്ഞ ദിവസം പ്രമാടം മൃഗാശുപത്രിക്ക് പിന്നിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ പന്നിക്കൂട്ടം കപ്പ, ചേന, വാഴ , കാച്ചിൽ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പകലും പന്നികൾ കൃഷിനശിപ്പിക്കാറുണ്ട്. ആളുകളെയും അക്രമിക്കാറുണ്ട്. പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല.
പകൽ സമയങ്ങളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ കോഴി, താറാവ് എന്നിവയെ വ്യാപകമായാണ് ഭക്ഷണമാക്കുന്നത്. ആട്, പശു എന്നിവയെയും ആക്രമിക്കുന്നുണ്ട്. പ്രമാടം പാറക്കടവ് പാലത്തിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷണ സാധനങ്ങളുടെയും ഇറച്ചിക്കോഴികളുടെയും മറ്റും അവശിഷ്ടങ്ങൾ തള്ളുന്നതാണ് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കാൻ കാരണം. കാൽനട യാത്രക്കാർക്കും ഇവ ഭീഷണിയാണ്. പഞ്ചായത്തും വനം വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.