പത്തനംതിട്ട : ശോച്യാവസ്ഥയിൽ ആയിരുന്ന പത്തനംതിട്ട നഗരസഭ ടൗൺഹാൾ പുനരുദ്ധാരണത്തിന് ടെൻഡറായി. കേരളീയ പാരമ്പര്യ ശൈലിയിൽ തനിമ നിലനിറുത്തിക്കൊണ്ടാവും നിർമ്മാണം. പഴയ നിർമ്മാണ ശൈലിയിൽ തടിയാണ് കൂടുതലായി ഉപയോഗിച്ചിരുന്നതെങ്കിലും മര ഉരുപ്പടികൾ പരമാവധി കുറച്ചു കൊണ്ടാണ് പുനരുദ്ധാരണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മരങ്ങൾ നശിപ്പിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
കൂടുതൽ കാലം ഈടുനിൽക്കുന്ന ഗാൽവനൈസ്ഡ് അയൺ ഉപയോഗിച്ച് മേൽക്കൂര നിർമ്മിച്ച് ഓട് പാകും. ഒപ്പം തന്നെ പ്രൊജക്ടർ, ഉച്ചഭാഷിണികൾ, ആധുനിക ശബ്ദ നിയന്ത്രണ സംവിധാനങ്ങൾ, സെൻട്രലൈസ്ഡ് എ സി , മറ്റനുബന്ധ സംവിധാനങ്ങൾ എന്നിവയും ഒരുക്കും. പാർക്കിംഗ് സ്ഥലം, പ്രധാന നിരത്തുമായുള്ള അകലം, അഗ്‌നി രക്ഷാ സംവിധാനങ്ങൾ എന്നിവ പാലിച്ച് കെട്ടിടത്തിന് വലുപ്പം കൂട്ടാൻ കഴിയില്ല എന്ന പരിമിതിയെ മികച്ച സൗകര്യമൊരുക്കി മറികടക്കും.