പന്തളം: അച്ചൻകോവിലാറ്റിൽ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. മുൻ സൈനികൻ പന്തളം മുളമ്പുഴ ചൈത്രത്തിൽ സുരേഷ് കുമാർ (58) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.10ഓടെ പന്തളം വലിയ പാലത്തിനു സമീപം കൈപ്പുഴ പന്തപ്ലാവിൽ കടവിനടുത്തുനിന്ന് എൻ.ഡി.ആർ.എഫ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 8.30 നാണ് സുരേഷിനെ പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ നിന്ന് കാണാതായത്. എൻ.ഡി.ആർ.എഫ് സംഘവും അടൂർ, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള സ്‌കൂബാ ടീമും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും തെരച്ചിൽ നടത്തിവരികയായിരുന്നു. ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസ്സം സൃഷ്ടിച്ചിരുന്നു.
ഇന്നലെ പുലർച്ചെ മുതൽ ടീം കമാൻഡർ കെ.കെ. അശോകൻ, എസ്.ഐ പ്രമോദ്, എച്ച്.സി അബ്ദുൾ ഫരീദ് എന്നിവരുടെ നേതൃത്വത്തിലുള്ള എൻ.ഡി.ആർ.എഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു . ഭാര്യ: റിട്ട. അദ്ധ്യാപിക രാധാമണി.കെ.എസ്. മക്കൾ: അഖിൽ എസ്, ചിത്ര എസ്.