13-tube-light
തെരുവുവിളക്കുകൾക്ക് ഉപയോഗിക്കുന്ന ട്യൂബും ഇലക്ടോണിക് ചോക്കുമുൾപ്പെടെ വഴിയരികിൽ ഉപേക്ഷിച്ചനിലയിൽ

പന്തളം: തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഇലക്ട്രോണിക് ചോക്കുകളും സമീപത്ത് ഉപേക്ഷിക്കുന്നത് ഭീഷണിയായി.

മാറ്റുന്ന ട്യൂബുകൾ ഓടയിലും തോട്ടിലും വയലിലും വഴിയരികിലും ഉപേക്ഷിക്കുകയോ പോസ്റ്റിലോ മതിലിലോ ചാരി വയ്ക്കുകയോയാണ് പതിവ്. വഴിയരികിൽ ഇങ്ങനെ ഉപേക്ഷിക്കുന്ന ട്യൂബുകൾ കുട്ടികൾ അടിച്ചും എറിഞ്ഞും ഉടയ്ക്കാറുണ്ട്. ചില്ലുകൾ കാൽനടയാത്രക്കാരുടെ കാലിൽ തറച്ച സംഭവങ്ങളുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് തെരുവുവിളക്കുകൾ പരിപാലിക്കാനുള്ള ചുമതല. അതിനാൽ ഇത്തരം ട്യൂബുകളും ചോക്കുകളും ഉൾപ്പെടെയുള്ള ഇലട്രോണിക് മാലിന്യങ്ങൾ തിരികെ എടുക്കേണ്ടത് അവരുടെ ചുമതലയാണ്. എന്നാൽ അധികൃതർ അതിനു തയ്യാറാകുന്നില്ല. ട്യൂബിലെ രാസപദാർത്ഥങ്ങൾ പ്രകൃതിക്കും മനുഷ്യർക്കും ഭീഷണിയാണ്
സാധാരണ ബൾബുകളേക്കാൾ കുറഞ്ഞ വൈദ്യുത ഉപഭോഗവും തിളക്കമേറിയ പ്രകാശവും ലഭിക്കുന്നതിനാൽ ട്യൂബ് ലൈറ്റുകളും സി.എഫ്.എലുകളുമാണു വ്യാപകമായി ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. തിളക്കമേറിയ പ്രകാശം ലഭിക്കുന്നതിന് വിഷപദാർത്ഥമായ രസം (മെർക്കുറി) വാതക രൂപത്തിലാണ് ഇതിൽ നിറച്ചിരിക്കുന്നത്. ട്യൂബിന്റെ വശങ്ങളിൽ തേച്ചുപിടിപ്പിച്ചിരിക്കുന്നത് ഫോസ് ഫോറുകളും.
ജീവജാലങ്ങൾക്ക് ദോഷകരമായ പദാർത്ഥമാണ് രസം. അതിനാൽ ഉപയോഗശൂന്യമായ ട്യൂബുകളും സി.എഫ്.എലുകളും ശരിയായ വിധത്തിൽ സംസ്‌കരിച്ചില്ലെങ്കിൽ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും അവ മൂലമുണ്ടാകുന്ന ദോഷം ഏറെ ഗുരുതരമായിരിക്കും. തെരുവ് വിളക്കുകളുടെ പരിപാലനത്തിന് കരാർ എടുക്കുന്നവർ ഇവ അലക്ഷ്യമായി ഉപേക്ഷിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു.