റാന്നി : അതിശക്തമായ മഴയും കാറ്റും മലയോരമേഖലയിൽ പരക്കെ നാശം. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണതുമൂലം ഗതാഗതം തടസപ്പെട്ടു. റാന്നി, കക്കൂടുമൺ, പേമരുതി,അഞ്ചുകുഴി, മാടത്തുംപടി എന്നിവിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുതി തൂണുകൾക്കു കേടുപാടുകൾ സംഭവിച്ചു. ലൈനുകൾ പൊട്ടി വീണതിനാൽ പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ കമ്പുകൾ ഉൾപ്പെടെ മുറിച്ചു മാറ്റണം എന്നുകാട്ടി പഞ്ചായത്തുകളും, ജില്ലാ കളക്ടറും അറിയിപ്പുകൾ കൊടുത്തിരുന്നെങ്കിലും അങ്ങനെയുള്ളവ മുറിച്ചു മാറ്റിയിരുന്നില്ല. ഇതുമൂലമാണ് ഈ മേഖലകളിൽ ഏറെയും അപകടങ്ങൾ ഉണ്ടായിരിക്കുന്നത്. കക്കൂടുമൺ കുറ്റിയിൽപ്പടിയിൽ മരം വീണു നാല് പോസ്റ്റുകൾ ഒടിഞ്ഞു. അഞ്ചുകുഴിയിലും, മാഠത്തുംപടിയിലും സമാനമായ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കുടമുരുട്ടി തോണിക്കടവിൽ റോഡരികിൽ മണ്ണിടിച്ചിൽ ഉണ്ടായി. പാറകളും മണ്ണും ഒലിച്ചതും മൂലം ഗതാഗതം തടസപ്പെട്ടു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി വരുന്ന പ്രളയത്തിന്റെയും കഴിഞ്ഞ ദിവസം തടിയൂർ മേഖലകളിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിന്റെയും ഭീതിയിലാണ് മലയോര മേഖലയിലെ ജനങ്ങൾ.