sabarimala

പത്തനംതിട്ട : കൊവിഡ് ആശങ്കകൾക്കി​ടയി​ലും കർക്കടക മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സിക്ക വൈറസിന്റെ ഭീതി കൂടി നിലനിൽക്കുന്നതിനാൽ കൊതുകുനശീകരണവും പരിസര ശുചീകരണവും നടന്നുകൊണ്ടിരിക്കുകയാണ്.

നാളെ നടതുറന്നാലും അടുത്ത ദി​വസം മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകും ദർശനത്തിന് എത്തുക. ഭക്തർ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ റിപ്പോർട്ട് കരുതുകയും കൊവിഡ് വാക്സിൻ സ്വീകരി​ച്ച സർട്ടിഫിക്കറ്റ് കാണിക്കുകയും വേണം. പ്രതിദിനം അയ്യായിരം പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഞ്ച് ദിവസമാണ് ഭക്തർക്ക് പ്രവേശനം. ആകെ 25,000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതിയുള്ളു.

സുഖദർശനം സൂക്ഷ്മതയോടെ

ശബരിമല നട തുറക്കുമ്പോൾ കൊവി​ഡ് പ്രതി​രോധമാർഗങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് സജീവമായി​ രംഗത്തുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കൽ ഓഫീസർമാർക്കും ജില്ലാ പൊലീസ് മേധാവിക്കും റവന്യൂ അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൂന്നിടങ്ങളിലും രണ്ട് വീതം ഡോക്ടർമാർ, നഴ്സ്, അറ്റൻഡർ, ഓരോ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ എന്നിവരെ നിയമിച്ചു.

രണ്ട് ആംബുലൻസും സജ്ജീകരി​ച്ചു. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് നിലയ്ക്കലിൽ ലാബ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാല് മണിക്കൂറെങ്കിലും റി​പ്പോർട്ട് ലഭി​ക്കാൻ താമസമുണ്ടാകുമെന്നതി​നാൽ ഇവിടെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാം. ദർശനത്തിനെത്തുന്നവരിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അവരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായ പെരുനാട് കാർമൽ എൻജിനി​യറിംഗ് കോളേജിലേക്ക് മാറ്റും. കേസ് കൂടിയാലുള്ള സാഹചര്യം ഒഴിവാക്കാൻ പ്രധാന ആശുപത്രികളിലെല്ലാം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

5 ദി​വസം 25,000 പേർക്ക് ദർശനം

"ആർ.ടി.പി.സി.ആർ പരിശോധന ഉറപ്പായും നടത്തിയിരിക്കണം. എന്നാൽ മാത്രമേ ഭക്തർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കു. ദിവസം അയ്യായിരം പേരെയാണ് നിർദേശിച്ചിരിക്കുന്നത്. എന്തെങ്കിലും രോഗ ലക്ഷണം അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.

ഡോ. എ.എൽ.ഷീജ

(ഡി.എം.ഒ)