കൂടൽ: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ ജംഗ്ഷനിൽ റോഡ് പൊട്ടിപ്പൊളിഞ്ഞുണ്ടായ കുഴികൾ നികത്തി സഞ്ചാര യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മഴ പെയ്യുന്നതോടെ ഇവിടെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. കാൽനടയാത്രക്കാർക്കും പൊട്ടിപൊളിഞ്ഞ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നുണ്ട്. പുനലൂർ - മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് പണികൾക്കിടെ കുറെ ഭാഗം മെറ്റൽ കൊണ്ടിട്ട് മൂടിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടാണ്. വാഹനങ്ങൾ പോകുമ്പോൾ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം കയറുന്നുണ്ട്. റോഡിലെ വെള്ളം കൃത്യമായി കാനകളിലൂടെ ഒഴുകി പോകാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മഴ മാറിയാലും റോഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാവുന്നില്ല. വെള്ളക്കെട്ടിന് സമീപത്തു തന്നെയാണ് ബസ് സ്റ്റോപ്പും ഓട്ടോറിക്ഷ സ്റ്റാന്റും. ബസ് കാത്തുനിൽക്കുന്നവർക്കും, ഓട്ടോറിക്ഷത്തൊഴിലാളികൾക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടാകുകയാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.