കോഴഞ്ചേരി: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായ അയിരൂർ, എഴുമറ്റൂർ പഞ്ചായത്തുകളിൽ റവന്യൂ, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. വൈദ്യസഹായത്തിന് ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ടീമിനെയും സജ്ജമാക്കി. ചുഴലിക്കാറ്റിൽ അയിരൂർ, തടിയൂർ ഭാഗങ്ങളിലാണ് നാശനഷ്ടം ഏറെയുണ്ടായത്. അയിരൂർ പഞ്ചായത്തിലെ 1,2, 16 വാർഡുകൾ ഉൾപ്പെടുന്ന തടിയൂർ, കടയാർ ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. വൈദ്യുതി ബന്ധം പൂർണമായും നിലച്ചതിന് പുറമെ കൃഷിയിടങ്ങളും റബർ കൃഷിയും വ്യാപകമായി നശിച്ചു. അനവധി വീടുകളുടെ മതിലുകൾ മരങ്ങൾ വീണ് തകർന്നിട്ടുണ്ട്. പുല്ലേലിമണ്ണിൽ സുരേന്ദ്രന്റെ വർക്ക്ഷോപ്പ്, ധാന്യമില്ല് എന്നിവ മരം വീണ് തകർന്നു. ഓണവിപണി ലക്ഷ്യമിട്ട് തുടങ്ങിയ കാർഷിക വിളകളെയെല്ലാം ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചു. വീടുകളുടെ മുകളിലേക്കും മറ്റും വീണു കിടക്കുന്ന മരങ്ങൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മുറിച്ചുനീക്കുന്ന ജോലികൾ ഇന്നലെയും തുടരുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജി മാത്യു, കോഴഞ്ചേരി ഡിവിഷൻ അംഗം സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം സൂസൻ ഫിലിപ്പ്, പഞ്ചായത്തംഗം അംബുജാഭായി, പ്രദീപ് അയിരൂർ, സാംകുട്ടി അയ്യക്കാവിൽ തുടങ്ങിയവർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
മരങ്ങൾ വീണ് വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ലഭ്യമാകും വരെ മൂന്ന് നേരവും ഭക്ഷണം എത്തിക്കുന്നതിന് ക്രമീകരണം ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗത്തിലാണ് സൗജന്യ ഭക്ഷണ വിതരണം ആരംഭിക്കാൻ തീരുമാനമെടുത്തത്.
അനിതാക്കുറുപ്പ്
(അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്)