k

അടൂർ : വഴിയോരത്തെ കടമുറികളിലെ പരിമിതസൗകര്യങ്ങളിൽ നിന്ന് മോചനം കാത്തിരിക്കുകയാണ് അടൂർ ഫയർ സ്റ്റേഷൻ. കെട്ടിടം നിർമ്മിക്കുന്നതിനായി പന്നിവിഴ ദേവീക്ഷേത്രത്തിന് സമീപം ഭൂമി അനുവദിച്ചിട്ട് അഞ്ച് വർഷത്തിലേറെയാകുന്നു. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ കെട്ടിടനിർമ്മാണത്തിനായി അനുവദിച്ച ഒരുകോടി രൂപയും നടപടികൾ ഉണ്ടാകാഞ്ഞതോടെ നഷ്ടമായി. എം. എൽ. എ ഫണ്ടിൽ നിന്ന് ചിറ്റയം ഗോപകുമാറും നേരത്തെ ഒരുകോടി രൂപ അനുവദിച്ചിരുന്നു. ബഹുനിലമന്ദിരം നിർമ്മിക്കുന്നതിന് ഇൗ തുക അപര്യാപ്തമായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നത്. 1989 മാർച്ച് 31ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാരാണ് ഫയ‌ർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. 32വർഷം കഴിഞ്ഞിട്ടും അന്നത്തെ വാടകകെട്ടിത്തിൽത്തന്നെയാണ്. എം. എൽ. എ ആയിരുന്ന ആർ. ഉണ്ണികൃഷ്ണ പിള്ളയുടെ ശ്രമഫലമായാണ് ഫയർസ്റ്റേഷൻ സ്ഥാപിച്ചത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലും ദുരന്തമുണ്ടായാൽ എത്തുന്നത് അടൂരിലെ അഗ്നിരക്ഷാസേനയാണ്.

ഉദ്യോഗസ്ഥർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല. ഫയർ എഞ്ചിനുകളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കുന്നതിനുള്ള സൗകര്യവുമില്ല. എം. സി റോഡിന്റെ ഒാരത്ത് ടാർപ്പവലിച്ചുകെട്ടിയ താത്കാലിക ഷെഡിലായിരുന്നു അടുത്തകാലംവരെയും തകരാറായിലായ ഒരു ഫയർ എഞ്ചിൻ സൂക്ഷിച്ചിരുന്നത്. സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സ്ഥലം ലഭ്യമായതോടെ പൊതുമരാമത്ത് കെട്ടിടനിർമ്മാണ വിഭാഗം ആദ്യം തയ്യാറാക്കിയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക 5 കോടിയായിരുന്നു . അത്രയും തുക ചെലവഴിക്കാനാകില്ലെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ ഫയൽ മടക്കി. തുടർന്ന് 4.38 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സർക്കാരിന് നൽകിയിട്ട് നാലുവർഷം പിന്നിടുന്നു.

രക്ഷതേടുന്ന പരാധീനത

എം. സി റോഡിൽ ഹോളിക്രോസ് ജംഗ്ഷന് സമീപത്തെ ചെറിയ കടമുറികളിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

മഴപെയ്താൽ കെട്ടിടം ചോരും. വേനൽക്കാലത്ത് ചൂടുമൂലവും ബുദ്ധിമുട്ടാണ്. കെട്ടിടത്തിന് മുകളിൽ ജീവനക്കാർ ഒാലകെട്ടി താത്കാലിക മറയുണ്ടാക്കിയാണ് പരിഹാരംകാണുന്നത്.

വാഹനത്തിരക്കേറിയ റോഡിന്റെ ഒാരത്തായതിനാൽ പൊടിശല്യം കാരണം ജീവനക്കാർക്ക് അലർജി സംബന്ധമായ രോഗങ്ങളുണ്ടാകുന്നു.

ജീവനക്കാർക്ക് മതിയായ വിശ്രമസൗകര്യങ്ങളും ഫയർ എഞ്ചിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുമില്ല.

സ്വപ്നമായി സ്വന്തം കെട്ടിടം

അടൂർ - ആനന്ദപ്പള്ളി റോഡിൽ പന്നിവിഴ ദേവീക്ഷേത്രത്തിന് മുന്നിലായി കെ. ഐ. പി വക സ്ഥലത്തെ രണ്ടേക്കർ സ്ഥലമാണ് ഫയർസ്റ്റേഷൻ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചിരിക്കുന്നത്.

3 നിലകളിലുള്ള കെട്ടിടം

സെല്ലാർ : വാഹനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഇടം.

ഒന്നാം നില : ഒാഫീസ്.

രണ്ടാം നില : ജീവനക്കാരുടെ ബാരക്ക്.