കോന്നി : കലാപ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കോന്നിയൂർ പി.കെ. സാംബവ മഹാസഭ മുൻസംസ്ഥാന സെക്രട്ടറി, ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.സി.സി മുൻ ജില്ലാ സെക്രട്ടറി, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പൊതുപ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
നാടക പ്രവർത്തകനായിരുന്ന പി.കെ , സി.പി.ഐയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്.പിന്നീട് കോൺഗ്രസിലെത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐയിലേക്ക് മടങ്ങി. ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1955ൽ അട്ടച്ചാക്കൽ പൊയ്കയിൽ വീട്ടിൽ അയ്യപ്പന്റെയും കൊച്ചാളിയുടെയും ഇളയ മകനായി ജനിച്ച പി.കെ. നിരവധി നാടക സംഘങ്ങളിൽ പ്രധാന നടനായി അഭിനയിച്ചു. സംവിധായകനുമായി. ചില സിനിമകളിലും ഒട്ടേറെ ആൽബങ്ങളിലും വേഷമിട്ടു. മിമിക്രി കലാകാരനുമായിരുന്നു.
നാല് പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനം സാമ്പത്തീക നഷ്ടങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നൽകിയത്. വാങ്ങിയ വീടുപോലും കട ബാദ്ധ്യത മൂലം വിൽക്കേണ്ടി വന്നു. രണ്ടു മാസമായി വൃക്ക സംബന്ധമായ രോഗം മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സാ ചെലവിനുള്ള പണം കെ.യു. ജനീഷ്‌കുമാർ എം.ൽ.എ. യുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യകാലമായിരുന്നു പി.കെ യുടേത്. ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു . അമ്മയും മുതിർന്ന രണ്ടു സഹോദരിമാരും ചേർന്നാണ് വളർത്തിയത്. . വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥിയായിരുന്ന പി.കെ. കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു .കുട്ടപ്പൻ എന്നായിരുന്നു അന്നത്തെ പേര്. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ: എം. പി. മന്മഥൻ പി.കെ.യുടെ കലാപരിപാടികൾ കണ്ട് അനുമോദിച്ച ശേഷം കോന്നിയൂർ പി,കെ എന്ന് പേരിടുകയായിരുന്നു.