പത്തനംതിട്ട: സ്‌പൈനൽ മസ്‌ക്കുലാർ അട്രോഫി (എസ്.എം.എ) പോലെയുള്ള ജനിതക രോഗങ്ങൾ അടുത്ത തലമുറയിൽ ഉണ്ടാകാതിരിക്കാൻ നൂതന പരിശോധനാ സംവിധാനങ്ങളുമായി അടൂർ ലൈഫ് ലൈൻ ആശുപത്രി. അടൂർ,കൊല്ലം, കൊച്ചി ലൈഫ് ലൈൻ ആശുപത്രികളിൽ പരിശോധന ക്ളിനിക്കുകൾ സജ്ജമാണെന്ന് ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനിതക രോഗങ്ങൾ കണ്ടെത്താൻകഴിയുന്ന പ്രീ ഇംപ്ളാന്റേഷൻ ജനറ്റിക് ടെസ്റ്റ് നടത്താൻ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ആശുപത്രികളിൽ ഒന്നാണ് ലൈഫ് ലൈൻ. നെക്സ്റ്റ് ജനറേഷൻ സ്വീക്വൻസിംഗ് (എൻ.ജി.എസ്) എന്നാണ് പരിശോധനയുടെ പേര്.

എസ്.എം.എ ബാധിച്ച കുട്ടിക്ക് ചികിത്സാ ചെലവിനായി 18കോടി രൂപ സമാഹരിച്ചത് അടുത്തിടെ വാർത്തയായിരുന്നു.

ഒരു കുട്ടിക്ക് എസ്.എം.എ ബാധിച്ചാൽ അടുത്തുണ്ടാകുന്ന കുഞ്ഞിനും ഇതേരോഗം ഉണ്ടാകാം. എസ്.എം.എ നാഡികളെയും പേശികളെയും ബാധിക്കുന്ന ജനിതക രോഗമാണ്. ഒന്നോ അതിലധികം ജീനുകളുടെയോ വ്യതിയാനം രോഗ കാരണമാകാം.

ശിശുക്കളെയാണ് രോഗം ബാധിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടെത്താൻ ഗർഭസ്ഥ ശിശുവിന്റെ രോഗ നിർണയം സാദ്ധ്യമാണ്. ഇതിനായി മറുപിള്ളയിൽ നിന്ന് ബയോപ്‌സി, ആംനിയോസിന്റെസീസ് പരിശോധനകൾ നിലവിലുണ്ട്. ഭ്രൂണാവസ്ഥയിൽത്തന്നെ രോഗ നിർണയം നടത്താവുന്ന നൂതന പരിശോധനയാണ് പ്രീ ഇംപ്ളാന്റേഷൻ ജനറ്റിക് ടെസ്റ്റിംഗ്.

ഭ്രൂണം ബയോപ്‌സി ചെയ്ത് അസുഖം ഇല്ലാത്ത ഭ്രൂണത്തെ ഗർഭ പാത്രത്തിൽ നിക്ഷേപിച്ച് സാധാരണ കുഞ്ഞിന് ജൻമം നൽകാൻ കഴിയും. ഗർഭിണിയാകുന്നവരിൽ അഞ്ചാഴ്ചക്കുള്ളിൽ പരിശോധന നടത്തണം. ജനറ്റിക് വിഭാഗവും വന്ധ്യത ചികിത്സാ വിഭാഗവും േചർന്നാണ് ലൈഫ് ലൈൻ ആശുപത്രിയിൽ പരിശോധന നടത്തുന്നത്.

വാർത്താ സമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, ജനറ്റിക് വിഭാഗം മേധാവി ഡോ. ശ്രീലത നായർ, സി.ഇ.ഒ ഡോ.ജോർജ് ചാക്കച്ചേരി, പി.ആർ.ഒ ശ്രീകുമാർ എന്നിവർ പെങ്കടുത്തു.