തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ചരിത്രാതീതകാല നിർമ്മിതിയായ ജലവന്തിമാളിക സംരക്ഷിക്കാൻ നടപടികൾ തുടങ്ങി. ക്ഷേത്രവളപ്പിലെ തീർത്ഥക്കുളത്തിന്റെ മുകളിൽ എട്ടുമീറ്റർ നീളമുള്ള കരിങ്കല്ലുത്തരത്തിൽ മൂന്നു നിലകളിലായാണ് നാടിന്റെ പൈതൃകം വിളിച്ചോതുന്ന ജലവന്തി മാളിക. കരിങ്കൽത്തൂണുകളിന്മേൽ വെട്ടുകല്ലിൽ നിർമ്മിച്ച മാളികയുടെ താഴത്തെ രണ്ടു നിലകൾക്ക് തടികൊണ്ടുള്ള മച്ചും ഏറ്റവുംമീതേ ഓടിട്ട മേൽക്കൂരയുമാണ്. മുകളിലത്തെ രണ്ടുനിലകളുടെ നാലിലൊരു ഭാഗം കുളത്തിനു മീതെയായി സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പൂജാരിമാർക്ക് വിശ്രമിക്കുവാനുള്ളതായിരുന്നു ജലവന്തിമാളിക. . ബി.സി 59ലാണ് ജലവന്തിമാളിക നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ശ്രീവല്ലഭക്ഷേത്ര പ്രതിഷ്ഠാകാലം മുതൽ ഈ തീർത്ഥക്കുളവും ജലവന്തിയും സ്ഥിതി ചെയ്തിരുന്നതായി ചരിത്രഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ജലവന്തിയിൽ ദുർവ്വാസാവു മഹർഷിയുടെയും വേദവ്യാസ മുനിയുടെയും സാന്നിദ്ധ്യമുണ്ടെന്നും ദുർവ്വാസാവ് ഈ തീർത്ഥക്കുളത്തിൽ സ്‌നാനം നടത്തിയശേഷമാണ് ശ്രീവല്ലഭസ്വാമിയുടെ പ്രതിഷ്ഠ നിർവഹിച്ചതെന്നും വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ ശ്രീബലിസമയത്ത് ജലവന്തിയിൽ ഹവിസ് തൂകാറുണ്ട്. ക്ഷേത്രത്തിനുള്ളിലെ കിണറുമായി ഈകുളത്തിന് ബന്ധമുള്ളതായും പറയപ്പെടുന്നു. ഇതിലെ സമൃദ്ധമായ ജലസാന്നിദ്ധ്യത്താൽ ശ്രീവല്ലഭപുരിയിലെ കിണറുകളിൽ ഉറവ വറ്റാറില്ലെന്നും പഴമക്കാർ പറയുന്നു. ശതാബ്ദങ്ങളായി ആദ്ധ്യാത്മിക പഠനശാല പ്രവർത്തിച്ചിരുന്നത് ജലവന്തി മാളികയിലായിരുന്നു. നാല് പതിറ്റാണ്ട് മുമ്പുവരെ ഈ മതപാഠശാല ഇവിടെ പ്രവർത്തിച്ചിരുന്നു. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യാതിരുന്നതുമൂലം മേൽക്കൂരയും ഭിത്തികളും തകർച്ചയിലായി.
നവീകരണത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് 29 ലക്ഷം രൂപയുടെ ചെലവു കണക്കാക്കുന്നു. നവീകരണച്ചുമതല അഡ്ഹോക് സമിതിയാണ് ഏറ്റെടുത്തു ചെയ്യുന്നത്. ഇന്ന് രാവിലെ 10.15ന് ജലവന്തിയുടെ നവീകരണ പ്രവർത്തനങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വംബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ് രവി, പി.എം.തങ്കപ്പൻ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി ശ്രീകുമാർ ശ്രീപദ്മം, അസി.കൺവീനർ ഗണേശ് എസ്.പിള്ള എന്നിവർ പങ്കെടുക്കും.