അടൂർ: കഴിഞ്ഞ ഒരാഴ്ചയായി ട്രിപ്പിൾ ലോക്ക് ഡൗണിലായിരുന്ന നഗരത്തിലെ ടി. പി.ആർ നിരക്ക് 15.3ൽ നിന്നും 10.1ആയി കുറഞ്ഞതോടെ ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്നും നഗരത്തിന് ആശ്വാസം. എങ്കിലും സി കാറ്റഗറിയിൽ നിൽക്കുന്നതിനാൽ അവശ്യ സർവീസുകൾ ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ തുറക്കാനാകൂ. നാലുശതമാനം വരെയായി കുറഞ്ഞ ടി. പി. ആർ നിരക്കാണ് ജനങ്ങളുടെ ജാഗ്രതയില്ലായ്മയിലൂടെ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിച്ചത്. അതിനിടെ പള്ളിക്കൽ പഞ്ചായത്തിലെ ടി. പി. ആർ നിരക്ക് 15.1ലേക്ക് കയറി ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിച്ചു. ബാങ്കുകൾ ഇനി അഞ്ച് ദിവസവും പ്രവർത്തിക്കും എന്നത് ജനത്തിന് ആശ്വാസമായി. എന്ത് നിയന്ത്രണമുണ്ടായാലും അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന ജനത്തിന്റെ നിലപാടാണ് നഗരത്തെ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിച്ചത്. വരും ദിവസങ്ങളിലും വേണ്ടത്ര ജാഗ്രത തുടർന്നില്ലെങ്കിൽ വീണ്ടും അപകടരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.