കോഴഞ്ചേരി: ചുഴലിക്കാറ്റിൽ വിറങ്ങലിച്ചു പോയ നാടിന് സഹായഹസ്തമേകി സേവാഭാരതി പ്രവർത്തകർ. കഴിഞ്ഞ ദിവസം തടിയൂർ, തെള്ളിയൂർ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ കെടുതിയിൽ പകച്ചുപോയ നാടിന് ആശ്വാസമേകാൻ പ്രവർത്തകർക്ക് കഴിഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വിവരമറിഞ്ഞ പ്രവർത്തകർ മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള ഉപകരണങ്ങളുമായാണ് വിവിധ പ്രദേശങ്ങളിലെത്തിയത്. തെള്ളിയൂർ, കൊട്ടിയമ്പലം, പാലോലിക്കാവ്, കടയാർ എന്നിവിടങ്ങളിൽ വീടുകൾക്ക് മേൽ പതിച്ച മരങ്ങൾ ആദ്യം മുറിച്ചു മാറ്റി. പിന്നീട് റോഡുകളിൽ ഗതാഗത തടസമായി കിടന്ന ചില്ലകളും മരങ്ങളും നീക്കം ചെയ്തു. മരങ്ങൾ വീണ് വീടുകൾ തകർന്നവർക്ക് യഥാസമയം ഭക്ഷണം എത്തിച്ചു നൽകുന്നതിലും പ്രവർത്തകർ വ്യാപൃതരായി. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ആർ.എസ്.എസ് വിഭാഗ് സേവാപ്രമുഖ് സി.എൻ.രവികുമാർ ,ശബരിഗിരി ജില്ലാ സേവാപ്രമുഖ് സന്തോഷ് കുമാർ ആറ്റുവാശേരി, ഡോ. സനീഷ് പ്രണവം എന്നിവർ നേതൃത്വം നൽകി.