15-auto
സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ച ഓട്ടോറിക്ഷക്കു പകരം പുതിയ ഓട്ടോറിക്ഷ തൊഴിലാളി സംഘടനയായ ബിഎംഎസ് വിത്സണ് വാങ്ങി നൽകിയപ്പോൾ

ചെങ്ങന്നൂർ: സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ച ഓട്ടോറിക്ഷക്കു പകരം വിത്സണ് പുതിയ ഓട്ടോറിക്ഷ വാങ്ങി നൽകി തൊഴിലാളി സംഘടനയായ ബി.എം.എസ്. കഴിഞ്ഞ ജൂൺ 19ന് രാത്രിയിൽ ഓട്ടം കഴിഞ്ഞ് വീടിന് സമീപത്തെ പറമ്പിൽ ഇട്ട ഓട്ടോ രാത്രിയോടെ സാമൂഹ്യ വിരുദ്ധർ പെട്രോൾ ഒഴിച്ച് തീവെച്ചു നശിപ്പിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. വാഹനം പൂർണമായി കത്തി നശിച്ചതിനെതുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു വിത്സൺ. ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് വെണ്മണി ചരുവിലയ്യത്ത് വിത്സൺ ഉപജീവനം നടത്തിയിരുന്നത്. ബി.എം.എസ് മുൻ വെണ്മണി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് ഇദ്ദേഹം . ഇതേ തുടർന്ന് ബി.എം.എസ് വെണ്മണി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിന് ഒട്ടോറിക്ഷാ വാങ്ങി നൽകുകയായിരുന്നു . വെണ്മണി സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിൽ ബി.എം.എസ് സംസ്ഥാന സമിതിയംഗം കെ.സദാശിവൻപിള്ള താക്കോൽ ദാനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണ പിളള പോണേത്ത് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ദേവദാസ്, ആർ.എസ്.എസ് ജില്ലാ ശാരീരിക് പ്രമുഖ് എസ് പ്രശാന്ത്, താലൂക്ക് ബൗദ്ധിക് പ്രമുഖ് വിഷ്ണു പ്രസാദ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്ര ശർമ്മ, ബി.എം.എസ് മേഖലാ ജോയിന്റ് സെക്രട്ടറി അജിത് പ്രണവം, പഞ്ചായത്ത് സെക്രട്ടറി ശശിധരൻ ആചാരി, പ്രസന്നൻ കരോട്, ഗോപാലകൃഷ്ണപിളള, ബാലൻപിള്ള എന്നിവർ പ്രസംഗിച്ചു.