തിരുവല്ല : വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതികൾ തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല കുളക്കാട് യമുന നഗറിൽ ദർശന വീട്ടിൽ സ്റ്റോം വർഗീസ് (26), കുറ്റപ്പുഴ പാപ്പന വേലിൽ വീട്ടിൽ സുബിൻ (20), പൊൻകുന്നം കല്ലു പറമ്പിൽ വീട്ടിൽ നിബിൻ (20) എന്നിവരാണ് പിടിയിലായത്. തിരുവല്ല തുകലശ്ശേരിയിലെ വീട്ടിൽ കഴിഞ്ഞ സെപ്തംബർ 26ന് രാത്രി അതിക്രമിച്ച് കയറി പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച കേസിലും മാർത്തോമ്മ കോളേജിന് സമീപത്തെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലുമാണ് അറസ്റ്റ്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ ചരൽക്കുന്നിലെ വാടക വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്റ്ററേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മൂന്നുപേരും വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് തിരുവല്ല സി. ഐ പറഞ്ഞു