le

പത്തനംതിട്ട: ശബരിമല വനത്തിലെ അട്ടത്തോട് കോളനിയിൽ പുലിയിറങ്ങി. വളർത്തു മൃഗങ്ങളെയും കോഴികളെയും കൊന്നു. ജനവാസ കേന്ദ്രത്തിലാണ് പുലിയുടെ വിളയാട്ടം. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് ഭീതി നിലനിൽക്കുകയാണ്.

കഴിഞ്ഞ ദിവസം അട്ടത്തോട് വെട്ടിക്കൽ തങ്കമ്മയുടെ വീട്ടിലെ കോഴിയെ പുലി കടിച്ചെടുത്ത് സമീപത്തെ പറമ്പിൽ കൊണ്ടിട്ടു. ഉച്ചയ്ക്ക് മൂന്നരയോടെ കോഴിയെ പുലി കടിക്കുന്നത് കണ്ടത് അയൽവാസിയായ നിഷയാണ്. ബഹളം വച്ചതിനെ തുടർന്ന് പുലി ഒാടിപ്പോയി. നിലയ്ക്കലിൽ ശിവക്ഷേത്ര ഗോപുരത്തിന് എതിർവശത്തെ ആദിവാസി മേഖലയിൽ കടന്ന പുലി വളർത്തുനായയെ കടിച്ചെടുത്തുകൊണ്ടുപോയി സമീപത്തെ മരത്തിന്റെ ചുവട്ടിൽ ഉപേക്ഷിച്ചു. നായയെ കുടൽമാല പുറത്തുവന്ന നിലയിലാണ് കണ്ടത്. രണ്ടാഴ്ചക്കുള്ളിൽ അട്ടത്തോട്, നിലയ്ക്കൽ പ്രദേശത്തെ മൂന്ന് വളർത്തുനായകളെ കാണാതായിട്ടുണ്ട്. കുടിലുകൾക്ക് സമീപത്ത് പലിയുടേതിന് സമാനമായി കാൽപ്പാടുകൾ കണ്ടെത്തി. കോളനിവാസികൾ പുലിഭീതിയിൽ കഴിഞ്ഞിട്ടും വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പലിയെ പിടിക്കാൻ കെണിവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.