protectmosquitobites

പത്തനംതിട്ട: ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഈഡീസ് കൊതുകുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഡെങ്കിപ്പനിയടക്കം പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

ജില്ലയിൽ പത്തനംതിട്ട നഗരസഭ വാർഡ് 22, 23,7, പന്തളം നഗരസഭ വാർഡ് 19, 5, തിരുവല്ല നഗരസഭ വാർഡ് 31, അരുവാപ്പുലം പഞ്ചായത്ത് വാർഡ് 3, ചിറ്റാർ പഞ്ചായത്ത് വാർഡ് 5, പളളിക്കൽ പഞ്ചായത്ത് വാർഡ് 14, മൈലപ്ര പഞ്ചായത്ത് വാർഡ് 8, പന്തളം തെക്കേക്കര പഞ്ചായത്ത് വാർഡ് 12, 3, 2 എന്നിവിടങ്ങളിൽ കൊതുക് സാന്ദ്രത (വെക്ടർ ഇൻഡെക്‌സ് ) കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂറ്റൂർ, ചാത്തങ്കരി, വെച്ചൂച്ചിറ, ഇലന്തൂർ എന്നിവിടങ്ങളിൽ ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തു. സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ തടയാൻ ജില്ലയിൽ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ആരോഗ്യ വകുപ്പ്.

സിക്ക വൈറസ് ഭീഷണിയും

ഈഡിസ് കൊതുകുകൾ പരത്തുന്ന മറ്റൊരു പകർച്ച വ്യാധിയാണ് സിക്ക. രോഗാണു ബാധിച്ച കൊതുകുകൾ മനുഷരെ കുത്തുന്നതു വഴിയാണുരോഗം പകരുന്നത്. രോഗബാധിതരായ വ്യക്തികളിൽ നിന്ന് രക്തം സ്വീകരിക്കുന്നത് വഴിയോ ലൈംഗിക ബന്ധത്തിലൂടെയോ രോഗം പകരാം.

സിക്ക രോഗലക്ഷണങ്ങൾ

പനി, തലവേദന, സന്ധിവേദന, ശരീരവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയപാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണ്ചുവക്കൽ. ഈരോഗം ബാധിച്ച
ഗർഭിണികൾക്കു പിറക്കുന്ന നവജാത ശിശുക്കളുടെ തല ചെറുതാകുവാനും (മൈക്രോസിഫലി) മുതിർന്നവർക്ക് നാഡീ പ്രശ്‌നങ്ങളുമുണ്ടാകും.

പ്രതിരോധം

കൊതുകുകൾ കടിക്കാതിരിക്കാനുളള വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കണം. ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവർ ശ്രദ്ധിക്കണം.
വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാനുളള സാഹചര്യം ഇല്ലാതാക്കണം. എല്ലാ ഞായറാഴ്ചയുംഡ്രൈഡേ ആചരിക്കണം.

"സിക്ക വൈറസ് ബാധയ്‌ക്കെതിരെ വാക്‌സിനേഷനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാൽ രോഗപ്രതിരോധവും രോഗം പടരാതിരിക്കാനുളള മുൻകരുതലുകലും സ്വീകരിക്കുകയാണ് പ്രധാനം. "

ഡോ. എ.എൽ ഷീജ

ഡി.എം.ഒ