കൂടൽ: ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ ജനജീവിതത്തിന് ഭീഷണിയാവുന്നതായി പരാതി . ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും റോഡിലൂടെ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. അമിത വേഗത്തിൽ ഭാരം കയറ്റിവരുന്ന ടിപ്പർ, ടോറസ് ലോറികൾ പ്രദേശത്തെ പതിവ് കാഴ്ചയാണ്‌. ജില്ലയിൽ ഏറ്റവും കൂടുതൽ പാറമടകളും ക്രഷർ യൂണിറ്റുകളുമുള്ള പ്രദേശം കൂടിയാണിത്. ക്വാറികളിൽ എത്തി സാധനങ്ങൾ കയറ്റുന്നതിനും ലോഡ് ഇറക്കി അടുത്ത ടേൺ പിടിക്കുന്നതിനുമാണ് മരണപ്പാച്ചിൽ. പൊലീസ് അമിത വേഗക്കാരെയും അമിതഭാരക്കാരെയും പിടികൂടി പിഴ നൽകാറുണ്ടങ്കിലും വേഗതക്ക് കുറവില്ല. കൂടുതലും പുലർച്ചെ നാലുമണിമുതലാണ് ടിപ്പർ ലോറികൾ ടേൺ പിടിക്കുന്നതിനായി അമിതവേഗത്തിൽ പോകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. നാട്ടുകാർ പലതവണ താക്കീതു നൽകിയിട്ടും അതെല്ലാം അവഗണിച്ചാണ് ടിപ്പർ ലോറികൾ പ്രദേശത്തു മരണപ്പാച്ചിൽ നടത്തുന്നത്. ലോറികൾ ഓടിക്കുന്ന ഡ്രൈവർമാരിൽ പലരും മാസ്ക് ധരിക്കാറുമില്ല. കൊവിഡ് വ്യാപനത്തിന് മുൻപ് സ്കൂളുകൾ തുറന്നിരുന്ന സമയത് രാവിലെയും വൈകിട്ടും സർവീസ് നടത്തരുതെന്ന ഉത്തരവ് കാറ്റിൽ പറത്തിയായിരുന്നു സർവീസ് നടത്തിയിരുന്നത്. അനുവദിച്ചതിലധികം ലോഡുമായി പോകുന്ന ഇത്തരം വാഹനങ്ങൾ മനുഷ്യ ജീവന് ഭീഷണിയാകുന്നതിനൊപ്പം റോഡുകൾ തകരുന്നതിനും കാരണമാകുന്നുണ്ട്.