കോന്നി : കിഴക്കൻ മലയോര മേഖലയുടെ ആസ്ഥാനമായ കോന്നിയിൽ കൊവിഡ് അതിതീവ്രവ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 15 ശതമാനത്തിലും ഉയർന്നതോടെയാണ് ജില്ലാ ഭരണകൂടം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെയും കോന്നി പഞ്ചായത്തിൽ തീവ്രവ്യാപനമുണ്ടായിരുന്നെങ്കിലും ലോക്ക് ഡൗൺ സമയത്ത് 10ശതമാനത്തിൽ കുറവ് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് വീണ്ടും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കിഴക്കൻ മലയോര മേഖലകളിൽ നിന്നുള്ളവർ വ്യാവസായികമായും അല്ലാതെയും പ്രധാനമായും ആശ്രയിക്കുന്നത് കോന്നിയെയാണ്. കോന്നിയിലെ കൊവിഡിന്റെ തുടർച്ചയായുള്ള തീവ്രവ്യാപനം ആരോഗ്യ വകുപ്പിനെയും ജനങ്ങളെയും ഭീതിയിലാക്കിയിട്ടുണ്ട്. രോഗ വ്യാപനത്തെ തുടർന്ന് ഇന്നലെ മുതൽ കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കൊവിഡിന്റെ പിടിയിലാണ്. മിക്ക വാർഡുകളിലും കണ്ടെയ്ൻമെന്റ് സോണുകളും നിലവിലുണ്ട്. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെങ്കിലും രോഗ ബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്.നിരവധി കൊവിഡ് മരണങ്ങളും ഇതിനോടകം കോന്നിയിൽ ഉണ്ടായി. കുടുംബത്തിലെ എല്ലാവർക്കും കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീടുകളും ഇവിടെയുണ്ട്.

--------------------------------------------

കർശന നിയന്ത്രണം

കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ പഞ്ചായത്തും പൊലീസും നിയന്ത്രണങ്ങൾ കർശനമാക്കി. യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര യാത്രകൾ, വിവാഹം, മരണം എന്നിവ ഒഴികെയുള്ള യാത്രകൾ കർശനമായി നിരോധിച്ചു.

1. കുട്ടികളും വയോജനങ്ങളും മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല.

2. അവശ്യ വസ്തുക്കൾ വാങ്ങാൻ പോകുന്നവർ കൈയ്യിൽ റേഷൻ കാർഡ് കരുതണം.

3 അനുമതിയുള്ള സ്വകാര്യ സ്ഥാപനങ്ങളും അക്ഷയകളും മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു.

4 അനാവശ്യമായി പുറത്തിറങ്ങുന്നവർക്കും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ പൊലീസ് കേസെടുക്കും.

------------------------------------------------


കോന്നിക്ക് പുറത്തും ആശങ്ക

താലൂക്ക് ആസ്ഥാനമായതിനാൽ ചി​റ്റാർ, സീതത്തോട് , ആങ്ങമൂഴി, തേക്കുതോട്, തണ്ണിത്തോട്, കൊക്കാത്തോട് തുടങ്ങിയ കിഴക്കൻ മേഖലകളിലുള്ളവർ വിവിധ ആവശ്യങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് കോന്നിയെയാണ്. മിനി സിവിൽ സ്​റ്റേഷൻ, താലൂക്ക് ആശുപത്രി , സപ്‌ളൈ ഓഫീസ്, തുടങ്ങിയ സ്ഥാപനങ്ങൾപ്രവർത്തിക്കുന്നതും കോന്നി ടൗണിലാണ്. മെഡിക്കൽ കോളേജിലേക്ക് വന്നുപോകുന്നവരും കോന്നിയിലെത്തും. നിരവധി ആളുകൾ ദിവസേന ഇവിടങ്ങളിൽ വന്നുപോകുന്നുണ്ട്. കോന്നിയിൽ അതിതീവ്രവ്യാപനം കണ്ടെത്തിയതോടെ ഈ പ്രദേശങ്ങളിലുള്ളവരും ആശങ്കയിലാണ്.

-ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 15 % ഉയർന്നു