അടൂർ: സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം തയാറാക്കിയ റോഡ് സുരക്ഷാ ആക്ഷൻ പ്ലാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഒ പി.ആർ സജീവ് കൈമാറി. 2024 ആകുമ്പോഴേക്കും സംസ്ഥാനത്തെ വാഹന അപകടങ്ങളുടെയും അപകട മരണങ്ങളുടെയും നിരക്ക് 25 ശതമാനമെങ്കിലും കുറക്കുന്നത് സംബന്ധിച്ച് സമഗ്ര ചർച്ച ചെയ്യുന്ന ആക്ഷൻ പ്ലാൻ സംസ്ഥാനത്തെ ഓരോ ജില്ലകളിലേയും റോഡുകൾ, അപകട മേഖലകൾ, ജനസാന്ദ്രത, വാഹനസാന്ദ്രത, റോഡ് സംസ്കാരം, അപകടങ്ങളുടെ സമയം, രീതി എന്നിവ ശാസ്ത്രീയമായി പ്രതിപാദിച്ചിട്ടുണ്ട്. എം.വി.ഐ റോഷൻ സാമുവേൽ, അടൂർ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എ.എം.വി.ഐ മാരായ ശ്രീലാൽ, രെഞ്ചു, സജിംഷാ എന്നിവർ സന്നിഹിതരായിരുന്നു.