പന്തളം: പൂഴിക്കാട് ചിറമുടി ടൂറിസം പദ്ധതിക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. വർഷങ്ങളായി പന്തളത്തെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് അധികൃതർ വീണ്ടും സജീവമായി പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി പന്തളം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യു പുതിയ വീട്ടിൽ, വാർഡ് കൗൺസിലർ മഞ്ജുഷ, കൗൺസിലർമാരായ സൂര്യ. എസ്. രാജേഷ് കുമാർ, ലസിത നായർ എന്നിവരോടൊപ്പം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡയറക്ടറും സംഘവും സ്ഥലം സന്ദർശിച്ചു. സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ഒൻപത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചിറമുടി കുളം നവീകരിച്ച് പെഡസ്റ്റൽ ബോട്ടിംഗ് ഏർപ്പെടുത്തും. അനുബന്ധമായി വിശ്രമകേന്ദ്രം, കുട്ടികളുടെ പാർക്ക്, വോക്കിംഗ് വേ എന്നിവയും ഏർപ്പെടുത്തും.