പന്തളം: പന്തളത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ വ്യാപകം. എം. എം ജഗ്ഷനിലും നൂറനാട് റോഡ്, എംസി.റോഡ് പന്തളം - മാവേലിക്കര , പന്തളം- പത്തനംതിട്ട തുടങ്ങിയ റോഡുകളും തെരുവ് നായ്ക്കളുടെ താവളമാണ്. ഇവ ആളുകളെ ആക്രമിക്കുന്നുമുണ്ട്. ഒരു ദിവസം തന്നെ നിരവധി ആളുകൾക്കു കടിയേറ്റിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് ഐരാണിക്കുഴി പാലത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ ബൈക്കിനു കുറുകെ നായ് ചാടി ബൈക്ക് മറിഞ്ഞ് ഇവർക്ക് പരിക്കേറ്റു.. ഇരുചക്രവാഹന യാത്രക്കാർ ഇങ്ങനെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ഇറച്ചിക്കടകളിലെയും മത്സ്യത്തിന്റെയും അ വ ശിഷ്ടങ്ങൾ റോഡരികിൽ തള്ളുന്നതാണ് നായ്ക്കളെ ആകർഷിക്കുന്നത്. മൂന്നുമാസം മുമ്പ് അനിമൽബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി തിരികെ വിട്ടിരുന്നു. പക്ഷേ ഇതുകൊണ്ട് ഫലമില്ലാത്ത സ്ഥിതിയാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.