zakkir
നഗരസഭ വഴിയോര കർഷക വിപണി ചെയർമാൻ ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ചെറുകിട നാമമാത്ര കർഷകർക്കും അടുക്കള തോട്ടങ്ങളിലെ ഉൽപ്പന്നങ്ങൾക്കും വിപണി കണ്ടെത്താനായി കൃഷിവകുപ്പിന്റെ നഗര കാർഷിക വിപണിക്ക് പത്തനംതിട്ട നഗരസഭയിൽ തുടക്കമായി. കാശില്ലാതെ ഉൽപ്പന്നങ്ങൾ കൈമാറാനും ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപാദകരിൽ നിന്ന് വാങ്ങാനും ഇവിടെ അവസരം ഉണ്ടാകും. ആവശ്യക്കാർക്ക് ശുദ്ധമായ ഉല്പന്നങ്ങളും കർഷകർക്ക് പൂർണമായ വിലയും നേരിട്ട് ലഭിക്കും എന്നതും വിപണിയുടെ മെച്ചമാണ്. കുമ്പഴയിൽ ആരംഭിച്ചിരിക്കുന്ന വിപണി എല്ലാ ദിവസവും പ്രവർത്തിക്കും. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉൽപന്നങ്ങൾ ഏറ്റുവാങ്ങി വിപണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാ മണി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്, നഗരസഭാ കൗൺസിലർമാരായ പി.കെ അനീഷ്, സുജാ അജി, കൃഷി ഓഫീസർ നജീബ് എസ്.എച്ച്, കൃഷി അസിസ്റ്റന്റ് വിനോദ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ് ) മാത്യു ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.