കലഞ്ഞൂർ: ഇളമണ്ണൂർ -പാടം റോഡിന്റെ മണക്കാട്ടുപുഴ മുതൽ പാടം വരെയുള്ള ഭാഗത്തെ പണികൾ പൂർത്തിയാക്കാൻ വൈകുന്നു. കലുങ്കുകൾ, റോഡിന്റെ വശങ്ങൾ കെട്ടൽ, ഓടകൾ എന്നിവയുടെ നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 22 കോടി രൂപ മുതൽ മുടക്കിലാണ് 12. 4 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്നത്. മാങ്കോട് മുതൽ പാടം വരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും പണികൾ പൂർത്തിയാകാനുള്ളത്. ഇവിടെ പണികൾ തുടങ്ങിയാൽ വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരും. ഇളമണ്ണൂർ മുതൽ മണക്കാട്ടുപുഴ വരെയുള്ള ഭാഗത്തെ ടാറിങ് നേരത്തെ കഴിഞ്ഞിരുന്നു. പത്തനംതിട്ട ,കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. മുള്ളൂർനിരപ്പ്, മാങ്കോട്, പാടം, വെള്ളംതെറ്റി, പൂമാരുതിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ യാത്ര മഴപെയ്യുന്നതോടെ കൂടുതൽ ദുരിതത്തിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വാഴപ്പാറപ്പാലം, ചിതൽവെട്ടിപ്പാലം, പാലത്തുംതലക്കൽ പാലം എന്നിവയുടെ പണികൾ പൂർത്തിയായിട്ടുണ്ട്. പുന്നകുടിപാലം, പാടം പാലം എന്നിവ നിർമ്മിക്കാനുണ്ട്. രണ്ടുവർഷം മുമ്പാണ് പണി തുടങ്ങിയത്. 2020 ഏപ്രിൽ 14 ന് മുമ്പ് പണികൾ പൂർത്തിയാക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്.