റാന്നി : അത്തിക്കയം സ്വകാര്യ-കെ.എസ്.ആർ.ടി,.സി ബസ് സ്റ്റാൻഡിൽ അനധികൃത പാർക്കിംഗ് മൂലം ബസുകൾ സ്റ്റാൻഡിലേക്ക് കയറ്റാനും ഇറക്കാനും പാടുപെടുന്നു. അത്തിക്കയം ടൗണിൽ ചന്തയോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ടൗണിലെ കടകളിലും പഞ്ചായത്തിലും മറ്റും എത്തുന്ന വ്യക്തികൾ സ്റ്റാൻഡിൽ ബസുകൾക്ക് കയറാൻ പറ്റാത്ത വിധമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ബസുകൾ തിരിക്കാനും പാർക്ക് ചെയ്യാനും സ്ഥലം അടയാളപ്പെടുത്തിയിട്ടിട്ടുണ്ട്. അതുകൂടാതെ പഞ്ചായത്തിന്റെ വാഹനം മാത്രം പാർക്ക് ചെയ്യാൻ ഇവിടെ സ്ഥലം അനുവദിച്ചിട്ടുള്ളു. അനധികൃത സ്വകാര്യ വാഹന പാർക്കിംഗിനെതിരെ മുൻപ് ബസ് ജീവനക്കാർ പ്രതിഷേധം നടത്തിയതാണ്. അതിനുശേഷമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കാനായി എത്തിയപ്പോൾ വാഹനം തിരിക്കാൻ സ്ഥലമുണ്ടായിരുന്നില്ല. തുടർന്ന് പ്രതിഷേധമെന്ന നിലയിൽ ബസ് നിറുത്തിയിട്ട ശേഷം ജീവനക്കാർ ഇറങ്ങി പഞ്ചായത്തിൽ പരാതി പറഞ്ഞു. തുടർന്നാണ് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മാറ്റിയതും ബസിന് തിരിക്കാൻ അവസരമുണ്ടാക്കിയതും. അൽപ്പനേരം ഗതാഗതക്കുരുക്ക് ഉണ്ടാകുകയും മറ്റു വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.